പുകവലിയ്ക്കാനുള്ള ലഹരി ഒരു മുറിവ് പോലെയാണ്. ചുണ്ടുകളിൽ നിന്നും ചുണ്ടുകളിലേയ്ക്ക് പറക്കുന്ന മുറിവ്. അതിലെല്ലാം, ചോരയൊപ്പുന്നകണക്കെ ഉമിനീരൊപ്പി ഒരു സിഗരറ്റുകുറ്റി. ഗർഭം ഭിക്ഷ കിട്ടിയ യാചകിയുടെ പ്രസവത്തിനു തൊട്ടു മുൻപെന്നോണം, ഉമിനീരൊപ്പിക്കനം വച്ച വായറ്റം നിരത്തുവക്കിൽ എരിഞ്ഞുപുളയുന്നു, ഏതോ കനത്ത കാലടിയിൽ നുഴഞ്ഞ് കയറി ചളിയിലേക്കാഴ്ന്ന് ശ്വാസം മുട്ടി മരിയ്ക്കുന്നു. കെട്ട തീയും പെണ്ണും. ചില്ലുകൊട്ടാരത്തിൽ നിന്ന് ചുടലപ്പറമ്പിലെത്താൻ നാലു വിരൽ ദൂരത്തിൽ എരിഞ്ഞുതീർന്നാൽ മതി. നാലു നിമിഷം മതി. ഇവിടെയും രണ്ടു പക്ഷമുണ്ട്, കത്തിയുയരുന്ന പുകക്കാഴ്ചയിൽ കണ്ണു തിരിയാത്തവർ, ഉള്ളിലെ പുകമറവുകൾ അന്നനാളത്തിലൂടെ ഊറ്റിയെടുത്ത് ഊതിപ്പറത്തുന്നവർ. ഉരഞ്ഞ തൊണ്ടയുടെ ഗാംഭീര്യം, ആഢ്യ(?)നിശ്വാസത്തിന്റെ കിതപ്പ്. മെലിഞ്ഞുണങ്ങി കറുത്തു തിങ്ങിയ ചുണ്ടിൽ നിന്നും ചുമച്ചുതുപ്പിയൊരു കാജാ ബീഡി, ലജ്ജയോടെ തല താഴ്ത്തി. പച്ചനൂലരക്കെട്ടിന്റെ ചന്തമഴിച്ച് ഇലയും പുകയും മൊഴി ചൊല്ലി. കൈകൂട്ടിത്തിരുമ്മുന്ന പോലെ, കടത്തിണ്ണയിലച്ചുരുളിന്റെ നേർത്ത കിരുകിരുപ്പ്, കത്രികയുടെ കടകട ശബ്ദം, കാതിനിരുപുറം ബാക്കി. ഉണങ്ങിയ ഓർമ്മകളെ വെട്ടിനുറുക്കി തിരക്