Skip to main content

പുകയുന്നവ

പുകവലിയ്ക്കാനുള്ള ലഹരി
ഒരു മുറിവ് പോലെയാണ്.
ചുണ്ടുകളിൽ നിന്നും ചുണ്ടുകളിലേയ്ക്ക് പറക്കുന്ന മുറിവ്.

അതിലെല്ലാം,
ചോരയൊപ്പുന്നകണക്കെ
ഉമിനീരൊപ്പി
ഒരു സിഗരറ്റുകുറ്റി.

ഗർഭം ഭിക്ഷ കിട്ടിയ യാചകിയുടെ
പ്രസവത്തിനു തൊട്ടു മുൻപെന്നോണം,
ഉമിനീരൊപ്പിക്കനം വച്ച വായറ്റം
നിരത്തുവക്കിൽ എരിഞ്ഞുപുളയുന്നു,
ഏതോ കനത്ത കാലടിയിൽ നുഴഞ്ഞ് കയറി
ചളിയിലേക്കാഴ്ന്ന്
ശ്വാസം മുട്ടി മരിയ്ക്കുന്നു.

കെട്ട തീയും പെണ്ണും.

ചില്ലുകൊട്ടാരത്തിൽ നിന്ന്
ചുടലപ്പറമ്പിലെത്താൻ
നാലു വിരൽ ദൂരത്തിൽ
എരിഞ്ഞുതീർന്നാൽ മതി.
നാലു നിമിഷം മതി.

ഇവിടെയും രണ്ടു പക്ഷമുണ്ട്,
കത്തിയുയരുന്ന പുകക്കാഴ്ചയിൽ
കണ്ണു തിരിയാത്തവർ,
ഉള്ളിലെ പുകമറവുകൾ
അന്നനാളത്തിലൂടെ ഊറ്റിയെടുത്ത്
ഊതിപ്പറത്തുന്നവർ.

ഉരഞ്ഞ തൊണ്ടയുടെ ഗാംഭീര്യം,
ആഢ്യ(?)നിശ്വാസത്തിന്റെ കിതപ്പ്.

മെലിഞ്ഞുണങ്ങി
കറുത്തു തിങ്ങിയ ചുണ്ടിൽ നിന്നും
ചുമച്ചുതുപ്പിയൊരു കാജാ ബീഡി,
ലജ്ജയോടെ തല താഴ്ത്തി.
പച്ചനൂലരക്കെട്ടിന്റെ ചന്തമഴിച്ച്
ഇലയും പുകയും മൊഴി ചൊല്ലി.

കൈകൂട്ടിത്തിരുമ്മുന്ന പോലെ,
കടത്തിണ്ണയിലച്ചുരുളിന്റെ
നേർത്ത കിരുകിരുപ്പ്,
കത്രികയുടെ കടകട ശബ്ദം,
കാതിനിരുപുറം ബാക്കി.

ഉണങ്ങിയ ഓർമ്മകളെ
വെട്ടിനുറുക്കി
തിരക്കിന്റെ മുറത്തിലിട്ടു വെരുകി,
വിളറിയ കടലാസിലോ,
സ്വർണ്ണനിറമുള്ള ഇലയിലോ പൊതിഞ്ഞ്
ചെമ്പട്ടുനൂലിന്നരപ്പട്ട കെട്ടി
അഗ്നിശുദ്ധി ചെയ്യണം.
പുക വലിയ്ക്കുന്ന ലാഘവത്തോടെ,
ലഹരിശമനത്തിന്റെ സംതൃപ്തിയോടെ...

Comments

  1. നാനാര്‍ത്ഥമുള്ള വാക്കുകള്‍ . അതിന്റെ പുകവളയങ്ങളില്‍ നിന്നും ഒരു ലോകം ഉരുത്തിരിയുന്നു. കത്രികയുടെ കടകട ശബ്ദം പോലെ കാതിനിരുപുറവും നിലവിളികള്‍ .. നല്ല കവിത.മനോഹരമായ ബ്ലോഗ്.

    ReplyDelete
  2. കാജാബീഡിയും,കട്ടന്‍ചായയും.....
    നന്നായിരിക്കുന്നു കവിത
    ആശംസകള്‍

    ReplyDelete
  3. ഒട്ടും പുകയുന്നില്ല

    ReplyDelete
  4. പുകയുന്നത് പലപ്പോഴും മനസ്സ് തന്നെയാണ് സിഗരെട്ടെന്നോ ബീഡി എന്നോ അപ്പോൾ വിളിക്കുമെങ്കിലും

    ReplyDelete
  5. വളരെ നന്നായി എഴുതി.ബിംബസമന്വയത്തിന്റെ മനോഹരമായ കാഴ്ച്ച പകരുന്ന രചന.


    ശുഭാശംസകൾ....

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

നാലുമണിക്കാരന്റെ നാരായണീയം

"നാരായണാ...!" "നാരായണനല്ലെടോ മാപ്പിളേ. നായരാ. ശിവന്‍ നായര്‍ " മാപ്പിളയ്ക്ക് 'വിജിലു' തലയ്ക്കടിച്ചപ്പോ ഓര്‍മ്മ പോയതാകാമെന്ന് സഹൃദയമതം. അതെന്തെങ്കിലുമാകട്ടെ,ഏതായാലും എന്‍ എസ് എസ്സിന്റെ വിശുദ്ധപടക്കുറുപ്പ് നമുക്കിട്ട് കിടിലനൊരു കൊട്ടിങ്ങു തന്നില്ലേ....ഭൂരിഭാഗം വരുന്ന എന്റെ പ്രിയ സഹോദരീസഹോദരന്മാരും അതിന്റെ തിക്തഫലം അനുഭവിച്ചുകൊണ്ടിരിയ്ക്കുകയാണല്ലോ. വേറൊന്നുമല്ലെടൊ...നമ്മൂടെ ബസ്സ് ചാര്‍ജ്ജ് വര്‍ധന തന്നെ... "പത്തു കിട്ടുകില്‍ നൂറു മതിയെന്നും ശതമാകില്‍ സഹസ്രം മതിയെന്നും" പണ്ടെയ്ക്ക് പണ്ടേ പൂന്താനം തിരുമേനി കുറിച്ചിട്ടത് ഈ ബസ്സുടമകളെ ഉദ്ദേശിച്ച് തന്നെ. 6.50 രൂപാ മിനിമം ബസ്ചാര്‍ജ്ജ് ആക്കണമെന്ന് കാറിയിരുന്ന പ്രിയ 'ബസ്മൂ'സിനറിയാമല്ലോ, ഓടുന്ന പട്ടി കാലു മനഃപൂര്‍വ്വം കുടുക്കാനായി ഒരു മുഴം മുന്‍പേ വന്ന് വടിയ്ക്കു കുറുകേ നില്ക്കുമെന്ന്.നഗരത്തിലെ വസ്ത്രശാലകളില്‍ ക്ലിയറന്‍സ് സെയില്‍ നടത്തുന്നതുപോലെയാണിവിടെ ഇടപാട്. കടയുടമകള്‍ = അഖിലകേരളബസ്സുടമാവിഢ്ഢ്യാസുര മന്ത്രിസഭാസഖ്യം എന്ന ഒരു ചെറിയ വ്യത്യാസമേ ഉള്ളൂ. ഉപഭോക്താക്കള്‍ 'അത്യുത്തരസ്യാം ദിശി ദേവതാത്മാ