പല വഴികളിലൂടെയും നടന്നു.
ഒന്നിലൂടെ ചിലപ്പോൾ കുറേ പോകും.
അടയുമ്പോഴോ മടുക്കുമ്പോഴോ
കണ്ണുകളടച്ച്
കാഴ്ചയ്ക്ക് വിശ്രമം നൽകി
തിരിച്ചു നടക്കും.
ഒരു നേരം
ഒരു വഴിയ്ക്ക്
ഞാനിപ്പോളിരിയ്ക്കുന്ന ജയിലറയുടെ
അഴിയോളം നീളം കാണും.
അൽപം കഴിഞ്ഞാലതിന്,
മിക്കപ്പോഴുമെന്നെ പ്രലോഭിപ്പിയ്ക്കാറുള്ള
ഫാൻ ഹുക്കിനോളം പോന്ന വട്ടമായിരിയ്ക്കും.
തിരിച്ചെത്തുമ്പോഴാണ്
ഇത് തുടങ്ങിയേടമല്ലേയെന്നോർത്ത്
ലജ്ജിച്ചിരിയ്ക്കേണ്ടി വരിക.
ഒരിയ്ക്കലാ വഴിയ്ക്ക്
അവളുടെ ശബ്ദത്തോളം നീളമുണ്ടായിരുന്നു.
അതുകൊണ്ടാണല്ലോ,
ഹാമ്ലിനിലെ കുഴലൂത്തുകാരനു പുറകെയെന്നോണം,
ആകൃഷ്ടനായി നടന്നത്.
ഒടുക്കം,
ചൂടും ചൂരുമൊടുങ്ങിയപ്പോൾ,
കാൽ നനഞ്ഞു പൊള്ളിയപ്പോൾ,
ഓർമ്മകളെ വ്യഭിചരിച്ചു കൊന്നിട്ട്
തിരിച്ചു നടന്നതും.
കൊന്നിട്ട ഓർമ്മകളെല്ലാം,
പുഴയുടെ തീരത്തു തന്നെയുള്ള
കണ്ടൽക്കാടുകളിലും
നീളൻ പുഴപ്പുല്ലുകളിലും
കുരുങ്ങിച്ചീഞ്ഞു ചീർത്തു പൊന്തുമെന്നു കരുതിയില്ല.
അല്ലെങ്കിൽ,
എന്റെ തന്നെ ഭാരമുള്ള കണ്ണുകളും,
പറക്കാൻ തീരെ ശേഷിയില്ലാത്ത
വീർത്ത ശരീരവും ചേർത്തു കെട്ടി,
ഓർമ്മകളെ
ആഴത്തിൽ തള്ളിയേനെ.
ആ വഴികളുടെ ദൂരം,
അളക്കാൻ പോലുമാകാത്ത വിധത്തിൽ,
ശൂന്യതകളിലേയ്ക്കകറ്റിയേനെ.
ഇതിപ്പോൾ
ചത്ത ഓർമ്മകൾക്കു മേലുണ്ടായിരുന്ന
വിരലടയാളങ്ങളും,
ബലാത്സംഗം ചെയ്യപ്പെട്ട
അവയ്ക്കു
മേലുണ്ടായ ശുക്ലവും,
എന്റേതെന്ന് സ്ഥിരീകരിയ്ക്കപ്പെടുന്നു.
ന്യായസ്ഥലികളിലെ
വിചാരണയും
വാർത്താവത്കരണവും കഴിഞ്ഞ്,
ജയിലഴിയോളമുള്ള
ഫാൻഹുക്കിനോളം വട്ടമുള്ള
നീളങ്ങളും അളന്ന്,
ഇവിടൊരു മൂലയിലുണ്ട് ഞാൻ.
- Get link
- X
- Other Apps
<< ന്യായസ്ഥലികളിലെ
ReplyDeleteവിചാരണയും
വാർത്താവത്കരണവും കഴിഞ്ഞ്,
ജയിലഴിയോളമുള്ള
ഫാൻഹുക്കിനോളം വട്ടമുള്ള
നീളങ്ങളും അളന്ന്,
ഇവിടൊരു മൂലയിലുണ്ട് ഞാൻ. >>
അതാ നല്ലത്. ഒരു മൂലക്കിരിക്കുന്നതാ എല്ലാര്‍ക്കും നല്ലത് ഈ കാലത്ത്!
സൈബര്‍ സ്പേസില്‍ ഭാവദീപ്തമായ പുത്തന്‍ കവിഭാഷകളുടേയും ഭാവഗീതങ്ങളുടേയും പെരുമഴക്കാലം.....
ReplyDeleteവാഴ നട്ടിട്ടുണ്ടെങ്കില്‍ ദയാനന്ദന്‍ ചാടിപ്പോയതുപോലെ ഒരു എസ്കേപ്പിനുള്ള സ്കോപ് ഉണ്ടായിരുന്നു
ReplyDeleteപേടിക്കണ്ട നീതിയും കൂടെയുണ്ടാവും ആ ഇരുട്ടറകളിലെ മൂല ഒന്നിൽ
ReplyDelete