Skip to main content

Posts

Showing posts from May, 2013

സ്വപ്നപാചകം

പീടികയെക്കുറിച്ച്. ----------------------- കോളനിപ്പടി പടിഞ്ഞാറേതിരിവിലെ ഹരിയേട്ടന്റെ 'ലക്ഷ്മി ടീസ്റ്റാൾ' കമ്മ്യൂണിസ്റ്റ് പാർട്ടി മീറ്റിംഗുകളിലെ കട്ടൻ ചായയുടെയും പരിപ്പുവടയുടെയും പറ്റുകേന്ദ്രമായിരുന്നു. ഇന്ന് അതൊരു ആർക്കേഡാണ്. പേര് 'ഡ്രീംസ്'. കട്ടൻ ചായയ്ക്കു പകരം സ്വപ്നങ്ങളും പരിപ്പുവടയ്ക്കുപകരം പ്രതീക്ഷകളുമാണ് അവിടെയിപ്പോൾ കച്ചവടം ചെയ്യുന്നത്. മിനുറ്റിനു മുന്നൂറു രൂപാ കൊടുത്താൽ ഏതു സ്വപ്നവും കാണാമത്രേ. സ്വപ്നം പാകം ചെയ്യേണ്ട വിധം. ------------------------------ ---------- സന്തോഷത്തിനും സങ്കടത്തിനും കാമത്തിനും കവിതയ്ക്കുമെല്ലാം ഓരോ പ്രോഗ്രാം കോഡുണ്ട്. ഒരു തവി ഓട്സിൽ ഈ കോഡു കുഴച്ചുണ്ണുക. സ്വപ്നഗോളമെന്നുപേരിട്ട ചില്ലുകൂട്ടിലിരിയ്ക്കുക. അതിലിരുന്നാൽ ചില്ലുമതിലിൽ തട്ടി ചിന്തകൾ തെറിച്ചു പോവുകയോ മുറിഞ്ഞു ചാവുകയോ ചെയ്യും. കെട്ടുവിട്ട പട്ടമായിട്ടിത്തിരിനേരം പാറാം. കാശു കൊടുത്ത് ഭ്രാന്തനാവുക തന്നെ. കണക്കും കൺക്ലൂഷനും ------------------------------ മാസാന്ത്യരജിസ്റ്ററിൽ 986 വിദ്യാർത്ഥികൾ 394 എഞ്ചിനീയേഴ്സ് 472 ഡോക്ടേഴ്സ് 13 കൂലിപ്പണിക്കാർ

ജീവിതം

അഴുക്കുചാലുകളിലൂടെ മാത്രം തുടിച്ചു നീന്തുമ്പോ സ്വപ്നങ്ങൾക്ക് ഒരു മാൻഹോളിന്റെയത്ര ആകാശവട്ടം.

ചോര

മുറിയുമ്പോൾ മാത്രം ഓർമ്മിക്കപ്പെടുന്നത്. മരിക്കുവോളം തുണ നിൽക്കുന്നത്.

നേർരേഖാതുരങ്കങ്ങൾ

പണ്ടെല്ലാ വഴികളും നേർരേഖയിലുള്ള തുരങ്കങ്ങൾ പോലായിരുന്നു. ഒരറ്റത്തെ വെളിച്ചം തീർച്ചയായും മറ്റേ അറ്റത്തുമെത്തുമായിരുന്നു. നീണ്ടൊരു തുരങ്കത്തിലെ കുരുമുളകുവെളിച്ചം കണ്ടാണ് ഗാമ പോർച്ചുഗലിൽ നിന്നും കാപ്പാട്ടേയ്ക്ക് ഒരു നേർരേഖ തീർത്ത് നീന്തിയത്. മറുവശത്തെ ഹരിതശോഭയിൽ മോഹിപ്പിച്ചു മോഹിപ്പിച്ചാണ് ആദിദ്രാവിഡരെ ഒരു നേർരേഖാതുരങ്കത്തിലൂടെ മല കയറ്റിയത്. ഇങ്ങിനെയുള്ള തുരങ്കങ്ങളിലൂടെ നൂണ്ടു വന്നാണിവിടെ ആര്യകൃസ്തീയതേസ്ലാമിസം മൂത്തുപഴുത്തതും വീണു ചീഞ്ഞതും പുഴുത്തതും. പിൽക്കാലത്തീ തുരങ്കങ്ങൾ ബ്രൂട്ടസിന്റെയും മുസ്സോളിനിയുടെയും ചത്ത രക്തമൊഴുകുന്ന ഭരണസിരകളായി. കൊഴുപ്പടിഞ്ഞ് ശ്വാസം മുട്ടി അവ ചുരുണ്ടുകിടന്നു. നേർരേഖയെല്ലാം വക്രമായി. ഒരറ്റത്തെ വെളിച്ചം ഒരു രീതിയിലും മറ്റേയറ്റത്ത് എത്തില്ലെന്നായി