Skip to main content

നേർരേഖാതുരങ്കങ്ങൾ

പണ്ടെല്ലാ വഴികളും
നേർരേഖയിലുള്ള തുരങ്കങ്ങൾ പോലായിരുന്നു.
ഒരറ്റത്തെ വെളിച്ചം
തീർച്ചയായും
മറ്റേ അറ്റത്തുമെത്തുമായിരുന്നു.

നീണ്ടൊരു തുരങ്കത്തിലെ
കുരുമുളകുവെളിച്ചം കണ്ടാണ്
ഗാമ
പോർച്ചുഗലിൽ നിന്നും കാപ്പാട്ടേയ്ക്ക്
ഒരു നേർരേഖ തീർത്ത് നീന്തിയത്.

മറുവശത്തെ ഹരിതശോഭയിൽ
മോഹിപ്പിച്ചു മോഹിപ്പിച്ചാണ്
ആദിദ്രാവിഡരെ
ഒരു നേർരേഖാതുരങ്കത്തിലൂടെ
മല കയറ്റിയത്.

ഇങ്ങിനെയുള്ള തുരങ്കങ്ങളിലൂടെ
നൂണ്ടു വന്നാണിവിടെ
ആര്യകൃസ്തീയതേസ്ലാമിസം
മൂത്തുപഴുത്തതും
വീണു ചീഞ്ഞതും പുഴുത്തതും.

പിൽക്കാലത്തീ തുരങ്കങ്ങൾ
ബ്രൂട്ടസിന്റെയും മുസ്സോളിനിയുടെയും
ചത്ത രക്തമൊഴുകുന്ന
ഭരണസിരകളായി.

കൊഴുപ്പടിഞ്ഞ്
ശ്വാസം മുട്ടി
അവ ചുരുണ്ടുകിടന്നു.
നേർരേഖയെല്ലാം വക്രമായി.

ഒരറ്റത്തെ വെളിച്ചം
ഒരു രീതിയിലും
മറ്റേയറ്റത്ത് എത്തില്ലെന്നായി

Comments

  1. //മൂത്തുപഴുത്തതും
    വീണു ചീഞ്ഞതും പുഴുത്തതും.//

    അത് സമ്മതിച്ചു തരീല്ല. പുഴുത്തതും എന്ന് മാറ്റി കിളിര്‍ത്തതും എന്നാക്കിയില്ലേല്‍ പ്രദര്‍ശ/പ്രസിദ്ധീകരണാനുമതി നിഷേധിക്കും.

    ReplyDelete
  2. തുരങ്കത്തിനപ്പുറത്ത് വെട്ടമുണ്ടോ..?

    ReplyDelete
  3. ഇന്ന് ഭരണസിരകളില്‍ ആര്‍ത്തിപെരുകുന്നു!
    ആശംസകള്‍

    ReplyDelete

Post a Comment

Popular posts from this blog

ഉപ്പുള്ള കാഴ്ചകൾ.

ഞങ്ങളുടെ കാഴ്ചകളെല്ലാം ഉപ്പളങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ വരാറുള്ളത്. കാലം കുറുക്കി കരുണ വറ്റിച്ചെടുത്ത കാഴ്ചപ്രഹേളികകള്‍. ഞങ്ങളുടെ നാസികകളിപ്പോള്‍ അഗ്നിനിശ്വാസങ്ങള്‍ മാത്രമാണ് ചുരത്താറുള്ളത്. സ്നേഹവിശ്വാസങ്ങളും ഭക്ത്യാദരങ്ങളും ചേര്‍ത്തുകത്തിച്ച അഗ്നിനിശ്വാസങ്ങള്‍.   കുഷ്ഠമാണ് ഞങ്ങളുടെ ത്വക്കിനിഷ്ടമുള്ള തത്വമീമാംസ കനിവുതേടുന്ന മുള്‍ക്കരങ്ങളുടെ സ്പര്‍ശവും ഞങ്ങളുടെ ആലകളില്‍ ഞങ്ങള്‍ രാകി മൂര്‍ച്ച വയ്പ്പിച്ച ദുര്‍ഗ്രഹതകളുടെ സ്പര്‍ശവും തീരെ അറിയേണ്ട. ഞങ്ങളുടെ കാതുകള്‍, പിടച്ചൊടുങ്ങി- നൈമിഷികാനന്ദം നല്‍കുന്ന സംഗീതപാരവശ്യങ്ങള്‍ക്ക് മാത്രം ശ്രുതിചേര്‍ക്കപ്പെട്ടവയാണ്. മത-രാഷ്ട്രീയപ്രഭാഷണങ്ങളിലെ പ്രേതഭാവനകളുടെ സൗന്ദര്യം പകര്‍ത്തിക്കേള്‍ക്കുവാന്‍ എത്രയാണാവേശം... കരച്ചിലുകള്‍ താളനിബദ്ധമല്ല, ശ്രുതിസാന്ദ്രമല്ല. ഞങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാറുമില്ല. പാഴ്വാക്ക് പൊഴിയ്ക്കുന്ന നാവു മാത്രമാണൊരു പിഴ. നാണമില്ലാത്ത ചീഞ്ഞൂര്‍ന്നു വീഴുന്ന മാംസപിണ്ഢം പേറി, മുച്ചൂടും നാറി നില്‍ക്കുമ്പോഴും സു...

രാഗാക്ഷരങ്ങൾ

അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക്കഴിഞ്ഞിട്ടും പതിവായി നീ വന്ന നാളിൽ പിരിയാതെ ശുഭരാത്രി പറയാതെ കുന്നിന്റെ ചെരുവിൽ കിടന്നുവോ നമ്മൾ പുണരാതെ ചുംബനം പകരാതെ മഞ്ഞിന്റെ കുളിരിൽ കഴിഞ്ഞുവോ നമ്മൾ - കെ. അയ്യപ്പപ്പണിക്കർ വളരെ നാള്‍ കൂടിഞാന്‍ നേരിയ നിലാവിന്റെ പിന്നിലെയനന്തതയിലലിയുന്നിരുള്‍നീലിമയില്‍ എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി നിന്നു വിറക്കുമീ- യേകാന്തതാരകളെ നിന്നൊട്ടുകാണട്ടെ നീ തൊട്ടു നില്‍ക്കൂ! - ശ്രീ എന്‍ എന്‍ കക്കാട് ദുഃഖത്തിനല്ല ഞാനര്‍പ്പിച്ചതങ്ങേക്കു നിഷ്കളങ്കപ്രേമസാന്ദ്രമാമെന്‍ മനം താവകോത്ക്കര്‍ഷത്തിനാലംബമാവണം പാവന പ്രേമാര്‍ദ്രമെന്‍ ഹൃദയാര്‍പ്പണം - ചങ്ങമ്പുഴ ഓര്‍ക്കാപ്പുറത്ത് നനഞ്ഞ മഴയില്‍, കാറ്റില്‍, പൊഴിഞ്ഞ ആലിപ്പഴംപോല്‍, അനുരാഗം - അഷിത രാധേ! നീ, ഒരു കടല്‍പ്രേമത്തിലുലയും കടലാസുതോണി, കണ്ണീര്‍പെരുമഴയില്‍ കുതിരും പൂവിന്‍ ചിരി, നെടുകേ കീറിയ പ്രേമലേഖനത്തില്‍ നഷ്ടമായോരക്ഷരം! - അഷിത എന്റെ ഹൃദയത്തിനു വലിപ്പം പോര. ഞാൻ സ്നേഹിക്കുന്നവൾ ഈ ഭൂമിയോളം വിശാലമാണ്‌ അതു കൊണ്ട് ഈ ഭൂമിയോളം വ...

വലിച്ചു കീറുക പടുതകൾ

മുഖത്ത്, പ്രായം ചുന പൊട്ടി, ത്വക്ക് പൊള്ളിയ്ക്കുന്ന വാര്‍ദ്ധക്യസഞ്ചാരപാതകള്‍. കാതില്‍, ലോകവേഗങ്ങളില്‍, കാലം പതിച്ചു പാഞ്ഞ, ദുരന്തകാവ്യങ്ങളുറങ്ങുന്ന വലിയ ഗുഹാമുഖങ്ങള്‍. ശ്വേതംബരന്മാര്‍ കയ്യൊഴിഞ്ഞ, അഴുകിയ മനുഷ്യത്വത്തിന്റെ- വഴുവഴുപ്പില്ലാത്ത, പ്രാരാബ്ധം തേച്ചുമിനുക്കിയ, അസ്ഥിപഞ്ജരം. ചേറില്‍ പുതഞ്ഞ്, വിയര്‍പ്പില്‍ കുളിച്ച്, ചലം ഛര്‍ദ്ദിയ്ക്കുന്ന നാനായിടങ്ങളില്‍, ദരിദ്രസമ്പത്തില്‍ ആര്‍ത്തിപൂണ്ടടുക്കുന്ന ഈച്ചകള്‍... പുഴുക്കള്‍... ധൃതിയുടെ മഹാമാരിയില്‍ കുടയെടുക്കാന്‍ മെനക്കെടാതെ, ധൃതി കൊണ്ട്, അഹങ്കാരജ്വരം മൂത്ത്, സ്വാര്‍ത്ഥതച്ചുമ ചുമച്ച്, ലക്ഷ്യോന്നതങ്ങളിലേയ്ക്കൊഴുകുന്ന അതിദ്രവങ്ങള്‍-കൊടുംമാലിന്യങ്ങള്‍, അപരന്റെ കാതിലോതുന്നു "വല്ലാത്ത നാറ്റമീ സ്ത്രീയ്ക്ക് വഴിമാറി നടക്കാം" കുബേരസന്യാസീ... മണിമാളികയുടെ പടുതകള്‍ വലിച്ചുകീറുക. ധൂളി പാര്‍ക്കുന്ന ചില്ലുജാലകങ്ങള്‍ തകര്‍ത്തെറിയുക. ഉയരങ്ങളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുക. നല്ലൊരു പുനര്‍ജ്ജനി നാളെയുണ്ടാകട്ടെ. പടുത : കര്‍ട്ടന്‍ സൂപ്പര്‍ ഫ്ലൂയിഡ്(അതിദ്രവം):ഗുരുത്വാകര്‍ഷത്തിനെതിരേ ചലിയ്ക്കാന്‍...