ആകാശത്തിന്റെ അകിടിൽ നിന്നും,
നേരം കറക്കിയെടുക്കുന്ന,
വെളിച്ചത്തിന്റെ വെളുത്ത പാലിഴകളിലൂടെ
ഒഴുകിയിറങ്ങിവരുന്ന, സഞ്ചാരികളുടേതാണ് ഈ വീട്.
അതുകൊണ്ടു തന്നെ,
നിഴലുകൾക്ക് മേലെ പ്രകാശം ചൊരിയാൻ
ഞങ്ങൾ ദീപങ്ങൾ നിരത്താറില്ല.
വെളിച്ചത്തിൽ കുളിച്ചുകയറിയവർക്ക്
ഇരുട്ടിലല്പം തുവർത്തിക്കറുക്കണമല്ലോ.
ഞങ്ങളുടെ മേനികൾക്ക് നിറങ്ങളില്ല.
ഒരു ചില്ലുകഷണത്തിലൂടെയെന്നപോലെ
വെളിച്ചം തുളച്ചേറിയിറങ്ങുന്നു.
ഞങ്ങൾ കാഴ്ചകളെ വെറുക്കുകയും
കാഴ്ചയില്ലായ്മയുടെ വെളിച്ചശേഷിപ്പുകളെ
വല്ലാതെ പ്രണയിക്കുകയും ചെയ്യുന്നു.
ഞങ്ങളുടെ ഘടികാരങ്ങൾക്ക്
വെളിച്ചം/ഇരുൾ എന്ന പോലെയോ
പകൽ/രാത്രി എന്ന പോലെയോ
യാതൊരു കെട്ടുകളുമില്ല.
അവ
പ്രണയരസം നുകരുവോളം ഉണർന്നിരിയ്ക്കുകയും
പച്ചമേനിയുടെ ചൂരുവിടുന്തോറും ഉറങ്ങിപ്പോവുകയും ചെയ്യുന്നു.
ഓരോ അന്തിയാകുമ്പോഴും
ജീവരക്തത്തിന്റെ ചെമ്പനിഴകൾ
പടിഞ്ഞാറേയ്ക്കെറിഞ്ഞ്
ഞങ്ങൾ യാത്രയാകുന്നു.
വെളിച്ച സഞ്ചാരികളുടെ മറുലോകപ്രവേശങ്ങൾ.
- Get link
- X
- Other Apps
ഒരു പുതിയ വെളിച്ചം...
ReplyDeleteവെളിച്ച സഞ്ചാരികളുടെ മറുലോകപ്രവേശങ്ങൾ
ReplyDeleteആശംസകള്‍