Skip to main content

Posts

Showing posts from May, 2014

റോഡും ഗട്ടറും

പല നിറമുള്ള ഭൂമിയുടെ മണ്‍കഴുത്തുകൾക്ക് മീതെ മണ്‍സൂണ്‍ എന്ന ജലശില്പി ഇടക്കൊരോ ചില്ല്മുത്തുകൾ കോർത്ത് ചാർത്തിയ കരിമണി മാലകൾ.

തിരിച്ചറിവ്

വെളിച്ചം വെള്ളമായിരുന്നെങ്കിലെന്ന് തോന്നുമ്പോഴൊക്കെ കണ്ണിറുക്കും. ആണെങ്കിൽ ഇരുട്ട് ദാഹമാകണമല്ലോ വെളിച്ചം വെള്ളമല്ലെന്ന് അന്നേരം ബോധ്യപ്പെടുന്നു. വെളിച്ചം മാത്രമല്ല, ഇരുട്ടും തിരിച്ചറിവിന്റേതാണ്.

ശരീരപ്രാന്തം

വായ്‌ ഒരു നഗരമാണ്. രണ്ടു വരി പല്ല് പാതയിലൂടെ, വെള്ള പൂശിയ ചിരിവണ്ടികളും കണ്ണിറുക്കി കടിച്ചിറക്കിയ ദേഷ്യവണ്ടികളും ഇടതടവില്ലാതെ പായുന്ന നഗരം.

പ്രണയം

മാറാലപ്പെണ്ണേ ഈ ചകിരിച്ചെറുക്കനെ പൊതിഞ്ഞൊന്നു കിടക്കാമോ... കുതറിത്തെറിക്കുന്ന നാരൻ കുറുമ്പിനെ രണ്ടുമ്മവച്ചടക്കാമോ..

ങാ!

അലക്കുകല്ലിന്റെ അരികുപൊട്ടിയ  പരുക്കൻ പതിനൊന്നുമണിപ്പകലുകളേ... അടിച്ചുപൊട്ടിക്കും  നിന്റെ  കാതടപ്പൻ പടക്കയൊച്ചയുടെ  വായിനെ,  ഇനിയെന്റമ്മയുടെ  നഖത്തുമ്പു പൊളിച്ച്  അരം കൂട്ടി,  വിരലറ്റം നനച്ച് ചുളുക്കിയാൽ...

ന്റെ കൊടുങ്ങല്ലൂരമ്മേ

പടാകുളത്തേയ്ക്കും പെരിഞ്ഞനത്തേയ്ക്കും പറവൂരിലേയ്ക്കും ഇരിങ്ങാലക്കുടയിലേയ്ക്കും കൈയ്യും കാലും നിവർത്തിക്കിടക്കുന്ന നരോദാ പാട്യയിലെ തട്ടമിട്ട മുഖഛായയുള്ള നഗ്നയായൊരു പെണ്ണാണ് കൊടുങ്ങല്ലൂർ. അവളുടെ ചങ്കിൽ നിന്നും എന്റെ ചങ്കിലേയ്ക്ക് തുറക്കുന്ന കിഴുക്കാം തൂക്കായൊരു പാലമുണ്ട്. കാലങ്ങളായി ജീവിച്ചു പോരുന്ന വിശ്വാസങ്ങളെ ഒരൊറ്റയുന്തിന് ഒഴുകിമരിയ്ക്കുന്ന പുഴയാഴങ്ങളിലേയ്ക്ക് തെറിപ്പിച്ചുകളയുന്നവരുണ്ടങ്ങ്. മൂർന്ന പച്ചമാംസത്തിന്റെ നിറമുള്ള കുറി തൊട്ടവർ. കണ്ണിൽക്കോറിപ്പറന്ന ഒരു കരിയിലയുടെ പൊടിഞ്ഞ ഓർമ്മനീറ്റം പോലെ കുറേ വേദനകൾ ഉള്ളുമുറിച്ചും കരിച്ചും ഞരങ്ങുന്നു. കാളീക്ഷേത്രത്തിന്റെ അറപ്പകിട്ടിലെ നിലവിളക്കുകൾ തൂക്കി വിറ്റ്, തൂവിക്കളയുന്ന മഞ്ഞപ്പൊടി കോട്ടപ്പുറം ചന്തയിൽ കൊടുത്ത്, നീളെനീളെത്തെറിയ്ക്കുന്ന ഓരോ വെടിശബ്ദവും പെറുക്കിയെടുത്ത്, ഞങ്ങൾ കാത്തിരിയ്ക്കുകയാണ് നാളെ. ശ്രീകോവിലിലെ എണ്ണയും വെളിച്ചവും കൊണ്ട് ഈ പെണ്ണിനൊരു തീയുടുപ്പ് തുന്നാൻ. ഞങ്ങളെ ചേർത്തുവയ്ക്കുന്ന പാലങ്ങളിൽ അന്തിവിളക്ക് തെളിയിയ്ക്കാൻ

പണ്ട്

ഓലവേലിയോട്ടകൾ ഒരുപാട് 'നഗ്ന' സത്യങ്ങൾ കുളിച്ച് ഒളിച്ചിറങ്ങിപ്പോയ ഇടവഴികളാണത്രേ.

ഒറ്റയായിപ്പോയേക്കാവുന്ന മഞ്ഞകൾ.

വിജനമായ, കൽവിളക്കുകളുള്ള, വഴികളിലൂടെ നടക്കുകയാണ്. പൂത്താങ്കീരിച്ചാട്ടങ്ങളുമായി, ഇരുട്ടിലൂടെ, എവിടെയോ മറന്നു വച്ച താറാവുനടത്തങ്ങൾ തിരികെയെടുക്കാൻ. ഓരോ വിളക്കുവട്ടത്തിലും മുഖത്തിഴഞ്ഞുപോകുന്ന മഞ്ഞച്ചായം. ഇരുപുറത്തുനിന്നുമാഞ്ഞുവീശുന്ന കനത്ത ചതുപ്പുമണം. ഒറ്റ ഒറ്റ എന്ന് ആഞ്ഞ് തുപ്പുന്ന മരം. വിളക്കിലൂടൊഴുകി ഇലകളിൽ നിന്നും ഇറങ്ങി, നിലത്ത് ഇരുട്ടിലിക്കിളിപ്പെടുന്ന നിഴലുകൾ. ഒറ്റ ഒറ്റ എന്ന് പൂത്താങ്കീരിത്തരങ്ങളെ ആട്ടിയാട്ടി ഒരു കാട്ടുപുല്ല്. താറാവുനടത്തങ്ങൾ മറന്നുവച്ചത് പക്ഷേ ചുവന്ന പരവതാനി വിരിച്ച തെരുവിലായിരുന്നല്ലോ എന്ന് അത്ഭുതപ്പെട്ടു പോകവേ, ഒരു മഞ്ഞ വിളക്ക് മുഖത്തുകൂടി ഒറ്റനടത്തം.