Skip to main content

തികച്ചും "സ്വാഭാവിക"മായ ഒരു പുലയപ്പാട്ട്.

മൂന്നാം ക്ലാസിൽ പഠിയ്ക്കുമ്പോഴാണ്
സ്വാഭാവികമെന്ന വാക്ക്
ഒന്നാം തവണ കേട്ടത്.
"കള്ളപ്പൊലയന്റെ മോൻ
തോറ്റേല്
എന്താപ്പിത്രത്ഭുതം, സ്വാഭാവികം"
എന്ന് ആരോയെന്റെ മീതേയ്ക്ക്
വാക്കുകൾ തുപ്പിയാട്ടി.
ക്ലാസ് ചാർജ്ജുണ്ടായിരുന്ന
ഗായത്രി വർമ്മ ടീച്ചർടെ സാരിയിൽ
അറിയാതെ പറ്റിയെന്റെ മൂക്കള
കോലോത്തെ പറമ്പിൽ
ചാരമായി പറന്നുപോയി.

പിന്നീട്,
തഹസീൽദാരുടെയടുത്ത്
ഇംഗ്ലീഷിലുള്ള കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്
മൂന്ന് ആഴ്ച കാത്തുനിൽക്കേണ്ടി
വന്നപ്പോൾ.
എൻ ഐ ടി അഡ്മിഷൻ ലഭിച്ചിട്ടാണെന്നറിഞ്ഞ
പ്യൂണിന്റെ
"ഡാ പൊലയച്ചെക്കാ...
നിയ്യൊക്കെ കാരണം
ഞങ്ങടെ ക്ടാങ്ങടെ സീറ്റാ പോണേ"
എന്ന അമർഷത്തിനുമീതേയ്ക്ക്
ക്ലർക്കൊരുവൾ
"ഇവറ്റോൾക്കെല്ലേ എല്ലാമുള്ളൂ,
ഹാ സ്വാഭാവികം"
എന്ന് ഒഴുക്കനെ പറഞ്ഞു.
AIR - 27 എന്ന് അക്കമിട്ട,
കാറ്റഗറൈസ് ചെയ്യാത്ത ഒരു സ്കോർ കാർഡ്
ബാഗിലിരുന്ന്
വെന്തുനീറുന്നുണ്ടായിരുന്നു.

ബി.ടെക്ക് ഫസ്റ്റ് റാങ്ക് പലർക്കും
പൊലയന്റെ
"സ്വാഭാവിക" കപടവിജയം തന്നെയെന്നതിൽ
തെല്ലും തർക്കമുണ്ടാകേണ്ടതല്ലല്ലോ.
സിവിൽ സർവ്വീസിൽ
അഞ്ഞൂറ്റിനാല്പത്തൊമ്പതാം റാങ്ക്
ലഭിച്ചതിന്റെ പിറ്റേന്ന്,
കരിവീട്ടിയിൽ കാക്കി പുതയ്ക്കുന്ന സ്വപ്നവുമായി
ഉമ്മറത്തിരിക്കുമ്പോൾ
അന്നത്തെ പത്രം കിട്ടി.
"തൃശൂരിന്റെ തീരപ്രദേശത്തുനിന്നുമുള്ള
ദളിത് വിദ്യാർത്ഥിയാണ്
ഇത്തവണ ഐ പി എസ് നേടിയ നാലാമൻ"
കവലയിലേയ്ക്കിറങ്ങിയപ്പോൾ,
തലേന്ന് തന്നെ
പി.എച്ച്.ഡി ലഭിച്ച
"ആരതി നമ്പ്യാരു"ടെ ഫ്ലക്സും
എസ് എൻ ഡി പി അനുമോദനയോഗത്തിൽ
നിന്നുമുയർന്ന
ഉച്ചഭാഷിണിയൊച്ചയും
ഉൾതടാകങ്ങളിലൊരു കടച്ചിലുയർത്തി
എന്നെ നോക്കി അസഭ്യച്ചിരി ചിരിച്ചു.
അതെ
എന്റേത്
പൊലയന്റെ "സ്വാഭാവിക"വിജയമാണല്ലോ.

ഹൈദരാബാദ് എൻ പി എ യിലെ
ക്ലാസ് റൂമുകളിൽ
കാലാ മദ്രാസി ലേബലിൽ
ജാത്യന്തരം ഒളിച്ച് വച്ച് കഴിച്ചുകൂട്ടി.
ബിഹാർ കേഡറിൽ
ചാർജ്ജെടുത്തതിനപ്പുറം
പല ബലാത്സംഗങ്ങൾ,
ദളിത് കൊലപാതകങ്ങൾ,
സത്യേന്ദ്ര ദുബേയുടെ മരണം,
എല്ലാം
"സ്വാഭാവികം" എന്ന കുറിപ്പടിയോടെ
പൂതലിച്ച മരയലമാരകളിൽ
ഉറങ്ങുന്നതിന്
ഞാനെത്രയോവട്ടം സാക്ഷ്യം വഹിച്ചിരിക്കുന്നു.

മുതിരയ്ക്കലെ ചതുപ്പിൽ പൊന്തിയ
അച്ഛനെ
മൂന്ന് തേങ്ങ കൂടുതലെടുത്തതിന്
പണ്ടേ പലരും
"സ്വാഭാവികമായി" കൊന്നതായിരുന്നല്ലോ.

----------------------------------------------------
AIR- All India Rank
NPA- National Police Academy
Satyendra Dubey - A Bihari IES (Indian Engineering Service) officer who fought corruption involved in NHAI projects and got murdered in 2003.

Comments

  1. ചാരംമൂടികിടക്കുന്ന സത്യങ്ങള്‍.
    അക്ഷരങ്ങള്‍ തമ്മില്‍ത്തമ്മില്‍ പിണഞ്ഞുകിടക്കുന്നതുകൊണ്ട് വായിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നു...............
    ആശംസകള്‍




















    ReplyDelete

Post a Comment

Popular posts from this blog

ഉപ്പുള്ള കാഴ്ചകൾ.

ഞങ്ങളുടെ കാഴ്ചകളെല്ലാം ഉപ്പളങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ വരാറുള്ളത്. കാലം കുറുക്കി കരുണ വറ്റിച്ചെടുത്ത കാഴ്ചപ്രഹേളികകള്‍. ഞങ്ങളുടെ നാസികകളിപ്പോള്‍ അഗ്നിനിശ്വാസങ്ങള്‍ മാത്രമാണ് ചുരത്താറുള്ളത്. സ്നേഹവിശ്വാസങ്ങളും ഭക്ത്യാദരങ്ങളും ചേര്‍ത്തുകത്തിച്ച അഗ്നിനിശ്വാസങ്ങള്‍.   കുഷ്ഠമാണ് ഞങ്ങളുടെ ത്വക്കിനിഷ്ടമുള്ള തത്വമീമാംസ കനിവുതേടുന്ന മുള്‍ക്കരങ്ങളുടെ സ്പര്‍ശവും ഞങ്ങളുടെ ആലകളില്‍ ഞങ്ങള്‍ രാകി മൂര്‍ച്ച വയ്പ്പിച്ച ദുര്‍ഗ്രഹതകളുടെ സ്പര്‍ശവും തീരെ അറിയേണ്ട. ഞങ്ങളുടെ കാതുകള്‍, പിടച്ചൊടുങ്ങി- നൈമിഷികാനന്ദം നല്‍കുന്ന സംഗീതപാരവശ്യങ്ങള്‍ക്ക് മാത്രം ശ്രുതിചേര്‍ക്കപ്പെട്ടവയാണ്. മത-രാഷ്ട്രീയപ്രഭാഷണങ്ങളിലെ പ്രേതഭാവനകളുടെ സൗന്ദര്യം പകര്‍ത്തിക്കേള്‍ക്കുവാന്‍ എത്രയാണാവേശം... കരച്ചിലുകള്‍ താളനിബദ്ധമല്ല, ശ്രുതിസാന്ദ്രമല്ല. ഞങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാറുമില്ല. പാഴ്വാക്ക് പൊഴിയ്ക്കുന്ന നാവു മാത്രമാണൊരു പിഴ. നാണമില്ലാത്ത ചീഞ്ഞൂര്‍ന്നു വീഴുന്ന മാംസപിണ്ഢം പേറി, മുച്ചൂടും നാറി നില്‍ക്കുമ്പോഴും സു...

വലിച്ചു കീറുക പടുതകൾ

മുഖത്ത്, പ്രായം ചുന പൊട്ടി, ത്വക്ക് പൊള്ളിയ്ക്കുന്ന വാര്‍ദ്ധക്യസഞ്ചാരപാതകള്‍. കാതില്‍, ലോകവേഗങ്ങളില്‍, കാലം പതിച്ചു പാഞ്ഞ, ദുരന്തകാവ്യങ്ങളുറങ്ങുന്ന വലിയ ഗുഹാമുഖങ്ങള്‍. ശ്വേതംബരന്മാര്‍ കയ്യൊഴിഞ്ഞ, അഴുകിയ മനുഷ്യത്വത്തിന്റെ- വഴുവഴുപ്പില്ലാത്ത, പ്രാരാബ്ധം തേച്ചുമിനുക്കിയ, അസ്ഥിപഞ്ജരം. ചേറില്‍ പുതഞ്ഞ്, വിയര്‍പ്പില്‍ കുളിച്ച്, ചലം ഛര്‍ദ്ദിയ്ക്കുന്ന നാനായിടങ്ങളില്‍, ദരിദ്രസമ്പത്തില്‍ ആര്‍ത്തിപൂണ്ടടുക്കുന്ന ഈച്ചകള്‍... പുഴുക്കള്‍... ധൃതിയുടെ മഹാമാരിയില്‍ കുടയെടുക്കാന്‍ മെനക്കെടാതെ, ധൃതി കൊണ്ട്, അഹങ്കാരജ്വരം മൂത്ത്, സ്വാര്‍ത്ഥതച്ചുമ ചുമച്ച്, ലക്ഷ്യോന്നതങ്ങളിലേയ്ക്കൊഴുകുന്ന അതിദ്രവങ്ങള്‍-കൊടുംമാലിന്യങ്ങള്‍, അപരന്റെ കാതിലോതുന്നു "വല്ലാത്ത നാറ്റമീ സ്ത്രീയ്ക്ക് വഴിമാറി നടക്കാം" കുബേരസന്യാസീ... മണിമാളികയുടെ പടുതകള്‍ വലിച്ചുകീറുക. ധൂളി പാര്‍ക്കുന്ന ചില്ലുജാലകങ്ങള്‍ തകര്‍ത്തെറിയുക. ഉയരങ്ങളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുക. നല്ലൊരു പുനര്‍ജ്ജനി നാളെയുണ്ടാകട്ടെ. പടുത : കര്‍ട്ടന്‍ സൂപ്പര്‍ ഫ്ലൂയിഡ്(അതിദ്രവം):ഗുരുത്വാകര്‍ഷത്തിനെതിരേ ചലിയ്ക്കാന്‍...

ബസ് കണ്ടക്ടർമാരുടെ തന്തയില്ലായ്മത്തരങ്ങൾ

ബസ് കണ്ടക്ടര്‍മാരുടെ തന്തയില്ലായ്മത്തരങ്ങള്‍ ഈ നശിച്ചവന്മാര്‍ക്ക് ഞങ്ങളോടെന്താണിത്ര പക....? ഇന്നലത്തെ മാത്രം സംഭവങ്ങള്‍(26-05-2011)  ഞാന്‍ പഠിക്കണത് തൃശ്ശൂര്‍ എന്‍ ജിനീയറിംഗ് കോളേജിലാണെന്നറിയാലോ...യൂണിവേഴ്സിറ്റീടെ കൊണം കൊണ്ട് ഞങ്ങളുടെ പരീക്ഷ മിക്കവാറും ഏപ്രില്‍-മെയ് മാസങ്ങളിലാണ് വരിക.പക്ഷേ നമ്മുടെ പ്രിയ സുഹൃത്തുക്കളായ കണ്ടക്ടര്‍മാര്‍ക്ക് കണ്ടകശനി ബാധിക്കുന്ന സമയമായെന്നു തോന്നുന്നു....