Skip to main content

രാഗാക്ഷരങ്ങൾ

അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ.

പകലായ പകലൊക്കെ വറ്റിക്കഴിഞ്ഞിട്ടും പതിവായി നീ വന്ന നാളിൽ പിരിയാതെ ശുഭരാത്രി പറയാതെ കുന്നിന്റെ ചെരുവിൽ കിടന്നുവോ നമ്മൾ പുണരാതെ ചുംബനം പകരാതെ മഞ്ഞിന്റെ കുളിരിൽ കഴിഞ്ഞുവോ നമ്മൾ
-കെ. അയ്യപ്പപ്പണിക്കർ

വളരെ നാള്‍ കൂടിഞാന്‍ നേരിയ നിലാവിന്റെ പിന്നിലെയനന്തതയിലലിയുന്നിരുള്‍നീലിമയില്‍ എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി നിന്നു വിറക്കുമീ- യേകാന്തതാരകളെ നിന്നൊട്ടുകാണട്ടെ നീ തൊട്ടു നില്‍ക്കൂ!
-ശ്രീ എന്‍ എന്‍ കക്കാട്

ദുഃഖത്തിനല്ല ഞാനര്‍പ്പിച്ചതങ്ങേക്കു നിഷ്കളങ്കപ്രേമസാന്ദ്രമാമെന്‍ മനം താവകോത്ക്കര്‍ഷത്തിനാലംബമാവണം പാവന പ്രേമാര്‍ദ്രമെന്‍ ഹൃദയാര്‍പ്പണം
-ചങ്ങമ്പുഴ

ഓര്‍ക്കാപ്പുറത്ത് നനഞ്ഞ മഴയില്‍, കാറ്റില്‍, പൊഴിഞ്ഞ ആലിപ്പഴംപോല്‍, അനുരാഗം
-അഷിത

രാധേ! നീ, ഒരു കടല്‍പ്രേമത്തിലുലയും കടലാസുതോണി, കണ്ണീര്‍പെരുമഴയില്‍ കുതിരും പൂവിന്‍ ചിരി, നെടുകേ കീറിയ പ്രേമലേഖനത്തില്‍ നഷ്ടമായോരക്ഷരം!
-അഷിത

എന്റെ ഹൃദയത്തിനു വലിപ്പം പോര. ഞാൻ സ്നേഹിക്കുന്നവൾ ഈ ഭൂമിയോളം വിശാലമാണ്‌ അതു കൊണ്ട് ഈ ഭൂമിയോളം വലിപ്പമുള്ള മറ്റൊരു ഹൃദയവും കൂടി എന്റെ നെഞ്ചിനുള്ളിൽ വച്ചു തരൂ.
-നിസാർ ഖബ്ബാനി

കാലങ്ങളായി നിന്‍റെ കരളിലിരുന്ന്‌ നനഞ്ഞു നനഞ്ഞു മരവിച്ചതിനോടാണ്‌ ഇത്തിരിനേരത്തേക്കെങ്കിലും വന്നിരുന്നൂടെ എന്‍റെ കവിതയില്‍ ഇത്തിരി തീകാഞ്ഞു പൊയ്ക്കൂടേ?
-പവിത്രൻ തീക്കുനി

ഞാന്‍ ഏറ്റിട്ടുണ്ട് നിന്റെ മൗനം ഒരു തീക്കൂനയാണ്. ഞാന്‍ വീണിട്ടുണ്ട് നിന്റെ നോട്ടം ഒരു നീലിച്ച ഗര്‍ത്തമാണ്.
-പവിത്രൻ തീക്കുനി

ഓര്‍മകളെ കരിയിലകള്‍പോല്‍ ചുഴറ്റി, എന്നെ കടപുഴക്കി വീഴ്ത്തും കാറ്റേ, നീയിന്നെനിക്ക്, അനിഷ്ടകാമുകന്‍!
-അഷിത

ഒന്നും പറഞ്ഞില്ലിതേവരെ നീ ഇതാ നമ്മെ കടന്നുപോകുന്നു മഴകളും മഞ്ഞും വെയിലും വിഷാദവര്‍ഷങ്ങളും
-ബാലചന്ദ്രൻ ചുള്ളിക്കാട്

ആരുടെ സ്വപ്നമാണ് നീയും ഞാനും, ആരുടെതായാലും ഒരിക്കലും ഉണരാതിരിക്കട്ടെ ആ ആള്‍.
-ടി പി രാജീവൻ

നട്ടപ്പോള്‍ ഈ പനിനീര്‍ക്കൊമ്പില്‍ പൂക്കളും സുഗന്ധവും ഉണ്ടായിരുന്നില്ല, നീയാകട്ടെ നടാതെതന്നെ പൂത്തുലയുന്നു.
-ടി പി രാജീവൻ

വരിനെല്ലുകൊത്തി തിരിച്ചു പറക്കുന്നു നിന്നിലേക്കു ഞാന്‍ പറത്തിവിട്ട വാക്കുകള്‍.
-ടി പി രാജീവൻ

നിന്നിലേക്കുള്ളതായിരുന്നു ഇന്നോളം എനിക്കു തെറ്റിയ വഴികളെല്ലാം.
-ടി പി രാജീവൻ

ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ടു കെട്ടിപ്പിടിക്കുന്നു ഇലകള്‍ തമ്മില്‍ തൊടുമെന്ന് പേടിച്ച് നാം അകറ്റി നട്ട മരങ്ങള്‍
-വീരാന്‍കുട്ടി

പ്രിയേ, നീ ആ പൂവ് എന്ത് ചെയ്തു? ഏത് പൂവ് ? രക്തനക്ഷത്രം പോലെ കടും ചെമപ്പ് നിറമാര്‍ന്ന ആ പൂവ്... അതോ, തിടുക്കപ്പെട്ട് അറിയുന്നതെന്തിന്? ചവിട്ടി അരച്ചു കളഞ്ഞോ എന്നറിയാനാ. കളഞ്ഞെങ്ങിലെന്ത് ? ഓ ഒന്നുമില്ല, എന്റെ ഹൃദയമായിരുന്നു അത്..
-ബഷീര്‍

ആദ്യം ഇലകള്‍ പൊഴിച്ചിട്ടു പുഴയുടെ നനവറിയാന്‍. പിന്നെ ചില്ലകള്‍ അടര്‍ത്തിയിട്ടു ഒഴുക്കിന്റെ വേഗമറിയാന്‍. ഒടുവില്‍ കടപുഴകി വീണു ആഴങ്ങളിലെ ഇരുട്ടറിയാന്‍.
-ആമി സലീം

വിതുമ്പാൻ വെമ്പുന്ന നിശ്വാസത്തെ ഒരു തൂവാല വച്ചു തടുക്കുമ്പോലെ- അല്ല: ഒരു ജീവിതമൊരുമിച്ചൊലിച്ചുപോവാൻ കൊതിയ്ക്കുന്നൊരു മുറിവായിലതു വച്ചമർത്തുമ്പോലെ, നിന്നെയെന്നോടണച്ചു ഞാൻ
-റില്കെ

Comments

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ