ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.
ചൂഴ്ന്നുനോട്ടം!
ReplyDeleteആശംസകള്‍