Skip to main content

തീ


ആറുവാൻ ഒരുനിമിഷമിടകൊടുക്കാതെന്നിൽ
അറിവുണ്ട നാൾ മുതൽ കാക്കുന്ന തീയുണ്ട്.
സർഗ്ഗദീപ്തിയ്ക്കുള്ളു കത്തിച്ചുകായുമ്പോൾ
കാഴ്ചയ്ക്കു വെളിവിന്റെ വെട്ടമേകുന്ന തീ.

നിളനിലാവിൽ നീട്ടുമിരുൾനാവ് ചൂഴ്ന്നെടു-
ത്താഞ്ഞുവീശുന്നവരഗ്നിപ്പടർച്ചയിൽ.
വെള്ളം വിഴുങ്ങിപ്പെരുക്കുവാനിന്നിന്റെ
വാഴ്വിന്റെ മൂശയിൽ വാർത്തതാണെന്റെ തീ.

കരിതിന്നുകതിനയിൽ കത്തിപ്പിടയ്ക്കുന്ന,
ക്ഷണികാഗ്നിനാളമല്ലിതു വിശ്വദീപ്തി.
കനിവിന്നിളം തണ്ടിലൊരുമതന്നൂറ്റമായ്
അനുജന്റെ കണ്ണുനീർ ബാഷ്പമാക്കുന്ന തീ.

ഇടതൂർന്നകാടിന്റെയുൾ പിളർത്തിപ്പാഞ്ഞ്
അമ്പുകളുന്നത്തിലുരസിപ്പടച്ച തീ.
അക്ഷരസ്വപ്നം പിഴിഞ്ഞൊഴിച്ചൊരുതൂവൽ
കടലാസുകത്തിച്ച വിജ്ഞാനത്തീക്കടൽ.

നെഞ്ചൂക്കാൽ തോക്കിന്റെ പാത്തിപിളർത്തിയ
ആശയക്കോട്ടയുലയ്ക്കാതെ കാത്ത തീ.
വിരിയുന്ന ചെങ്കൊടിച്ചോപ്പിന്റെ കീഴിലായ്
യുവചിന്തയാവേശജ്വാലയാക്കുന്ന തീ.

അറിവിന്റെ ,നെറിവിന്റെ ,നിറസമത്വത്തിന്റെ
തെളിയുന്ന നാളിന്റെയാളുന്ന തീ...
അറിവിന്റെ ,നെറിവിന്റെ ,നിറസമത്വത്തിന്റെ
തെളിയുന്ന നാളിന്റെയാളുന്ന തീ...

Comments

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ