പല പരിധികളിൽ
മഴ നനയുന്നവരുണ്ട്.
ഉടുപുടവയുടെ
ഉടൽ പ്രണയത്തെ
ആളിക്കത്തിയ്ക്കുന്ന മഴത്തീയും,
നീരദാലിംഗനവും
യാനത്തിന്റെ
തുറന്ന ജാലകത്തിലുടെ
ഉള്ളറിഞ്ഞൊതുക്കുന്ന
പെൺ യാത്രികർ.
ആകാശത്തികട്ടലിൽ
ചീയുന്ന ദ്രവമാംസം
കഴുകി ചൂടാറ്റുന്നു,
മേൽക്കൂരയില്ലാത്ത
പാതപാർശ്വങ്ങളിലെ
ഭിക്ഷാടകർ.
കുടത്തൂണിന്റെ
തടവു വട്ടങ്ങൾ
പൊട്ടിച്ചെറിഞ്ഞ്
മഴ നനയുന്നവർ.
സർഗ്ഗവർഷപാതങ്ങളിൽ
ലഹരി നുണഞ്ഞ്
നനഞ്ഞുരുകിച്ചേരുന്നവർ,
സാഹിത്യപരഃശ്ശതാനനർ.
പല പരിധികളിൽ
മഴ നനയുന്നവരുണ്ട്.
മഴയിൽ നനയുന്നവരും,
മഴയാൽ നനയ്ക്കപ്പെടുന്നവരും.....
- Get link
- X
- Other Apps
Labels
കവിത
Labels:
കവിത
- Get link
- X
- Other Apps