Skip to main content

കൂറുമാറ്റം



മുഖം ചെരച്ചവന് കൂറ്,
എന്റെ മുഖത്തോടായിരുന്നില്ല.
മാസം തികഞ്ഞ ബ്ലേഡിനോടും
കീശയുടെ വീർപ്പിനോടുമായിരുന്നു.

വാഞ്ഞുയന്ന നാട്ടുമാവിന് കൂറ്,
ഉയിർ പാകിയ എന്നോടായിരുന്നില്ല.
ഊതിയുലച്ച കാറ്റിനോടും
നനഞ്ഞൊട്ടിച്ച മേഘങ്ങളോടുമായിരുന്നു.

ജയിച്ചു പോയ മന്ത്രിയ്ക്കു കൂറ്,
വോട്ടു തെണ്ടിത്തളർന്ന ഞങ്ങളോടായിരുന്നില്ല.
തന്ത്രക്കുരവയിട്ട 'തത്ര'യോടും,
പാരമ്പര്യം മാന്തിയ പടിഞ്ഞാറിനോടുമായിരുന്നു.

ജനിച്ച് വീണ എനിയ്ക്ക് കൂറ്,
പെറ്റിട്ട അമ്മയോടായിരുന്നില്ല.
പേറെടുത്തതും എടുക്കാത്തതുമായ ആശുപത്രികളോടും,
'ഇൻഫി'യുടെ തണുത്ത ചില്ലുകൂടിനോടുമായിരുന്നു

Comments

  1. ആരും കൂറുമാറുന്നില്ല....
    ആര്‍ക്കും കൂറുണ്ടായിരിരുന്നുമില്ല..
    കൂറില്ലാത്തവരെ തിരിച്ചറിയാന്‍ മാത്രം കൂറുള്ളവനായി
    ആരുണ്ട്‌...

    കാത്തിരിക്കുക...
    ആരോടും കൂറില്ലാത്തവന്‍ തിരിച്ചറിയപ്പെടും വരെ...
    പിന്നീട്, പറ്റുമെങ്കില്‍ വെട്ടി നുറുക്കുകയുമാവാം.....
    ചതി പറ്റിയവന്‍റെ പക പ്രത്യയശാസ്ത്രങ്ങളാല്‍ ന്യായീകരിക്കപ്പെടും...!!

    ReplyDelete
  2. രഞ്ജിത്തിന് മനോഹരമായ കവിതകള്‍ എഴുതാനാകും .ഇത്തരം വിഷയങ്ങള്‍ കവിതയ്ക്ക് തെരഞ്ഞെടുത്താല്‍ അത് മൂന്നു നാല് ദിവസം കഴിയുമ്പോഴേക്ക് പഴകും .അതുമല്ല ഇത്തരം കവിതകള്‍ ഹൃദയത്തില്‍ തൊടുകയുമില്ല.അത് കൊണ്ട് വൈവിധ്യമുള്ള കവിതകളുമായി വരിക .ഞങ്ങള്‍ ഇതാ ഇവിടെത്തന്നെയുണ്ട് .

    ReplyDelete
    Replies
    1. ഇന്നൊരു പ്രായശ്ചിത്തമുണ്ട്...വരണേ.....

      Delete
  3. കവിത കൊള്ളാമെങ്കിലും ശ്രീ.സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞതിനോട് ഞാനും
    യോജിക്കുന്നു.
    ആശംസകളോടെ

    ReplyDelete
  4. മുഖം ചെരച്ചവന് കൂറ്,
    എന്റെ മുഖത്തോടായിരുന്നില്ല.
    മാസം തികഞ്ഞ ബ്ലേഡിനോടും
    കീശയുടെ വീർപ്പിനോടുമായിരുന്നു.

    ആ ക്ഷൌരക്കാരനോട് ഞാന്‍ യോജിക്കുന്നു. അന്ധമായ യജമാനഭക്തിയില്‍ നിന്നും വിടുതല്‍ നേടി , തൊഴിലെടുക്കുന്നത് എന്തിന് എന്നു തിരിച്ചറിഞ്ഞ ആ ക്ഷൌരക്കാരന്റെ പാതയിലിറങ്ങണം ഓരോ പണിയാളനും.....

    കാലത്തിന്റെ മുഖാകൃതി മാറ്റിയത് അവരാണ്......

    ReplyDelete
  5. കാറ്റിനൊപ്പിച്ച് പായ മാറ്റിക്കെട്ടുന്ന പുതിയ പ്രവണതകളോടുള്ള രോഷം വരികളിൽ കനലായെരിയുന്നുണ്ട്. നന്നായി.

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

നാലുമണിക്കാരന്റെ നാരായണീയം

"നാരായണാ...!" "നാരായണനല്ലെടോ മാപ്പിളേ. നായരാ. ശിവന്‍ നായര്‍ " മാപ്പിളയ്ക്ക് 'വിജിലു' തലയ്ക്കടിച്ചപ്പോ ഓര്‍മ്മ പോയതാകാമെന്ന് സഹൃദയമതം. അതെന്തെങ്കിലുമാകട്ടെ,ഏതായാലും എന്‍ എസ് എസ്സിന്റെ വിശുദ്ധപടക്കുറുപ്പ് നമുക്കിട്ട് കിടിലനൊരു കൊട്ടിങ്ങു തന്നില്ലേ....ഭൂരിഭാഗം വരുന്ന എന്റെ പ്രിയ സഹോദരീസഹോദരന്മാരും അതിന്റെ തിക്തഫലം അനുഭവിച്ചുകൊണ്ടിരിയ്ക്കുകയാണല്ലോ. വേറൊന്നുമല്ലെടൊ...നമ്മൂടെ ബസ്സ് ചാര്‍ജ്ജ് വര്‍ധന തന്നെ... "പത്തു കിട്ടുകില്‍ നൂറു മതിയെന്നും ശതമാകില്‍ സഹസ്രം മതിയെന്നും" പണ്ടെയ്ക്ക് പണ്ടേ പൂന്താനം തിരുമേനി കുറിച്ചിട്ടത് ഈ ബസ്സുടമകളെ ഉദ്ദേശിച്ച് തന്നെ. 6.50 രൂപാ മിനിമം ബസ്ചാര്‍ജ്ജ് ആക്കണമെന്ന് കാറിയിരുന്ന പ്രിയ 'ബസ്മൂ'സിനറിയാമല്ലോ, ഓടുന്ന പട്ടി കാലു മനഃപൂര്‍വ്വം കുടുക്കാനായി ഒരു മുഴം മുന്‍പേ വന്ന് വടിയ്ക്കു കുറുകേ നില്ക്കുമെന്ന്.നഗരത്തിലെ വസ്ത്രശാലകളില്‍ ക്ലിയറന്‍സ് സെയില്‍ നടത്തുന്നതുപോലെയാണിവിടെ ഇടപാട്. കടയുടമകള്‍ = അഖിലകേരളബസ്സുടമാവിഢ്ഢ്യാസുര മന്ത്രിസഭാസഖ്യം എന്ന ഒരു ചെറിയ വ്യത്യാസമേ ഉള്ളൂ. ഉപഭോക്താക്കള്‍ 'അത്യുത്തരസ്യാം ദിശി ദേവതാത്മാ...

ബസ് കണ്ടക്ടർമാരുടെ തന്തയില്ലായ്മത്തരങ്ങൾ

ബസ് കണ്ടക്ടര്‍മാരുടെ തന്തയില്ലായ്മത്തരങ്ങള്‍ ഈ നശിച്ചവന്മാര്‍ക്ക് ഞങ്ങളോടെന്താണിത്ര പക....? ഇന്നലത്തെ മാത്രം സംഭവങ്ങള്‍(26-05-2011)  ഞാന്‍ പഠിക്കണത് തൃശ്ശൂര്‍ എന്‍ ജിനീയറിംഗ് കോളേജിലാണെന്നറിയാലോ...യൂണിവേഴ്സിറ്റീടെ കൊണം കൊണ്ട് ഞങ്ങളുടെ പരീക്ഷ മിക്കവാറും ഏപ്രില്‍-മെയ് മാസങ്ങളിലാണ് വരിക.പക്ഷേ നമ്മുടെ പ്രിയ സുഹൃത്തുക്കളായ കണ്ടക്ടര്‍മാര്‍ക്ക് കണ്ടകശനി ബാധിക്കുന്ന സമയമായെന്നു തോന്നുന്നു....