Skip to main content

അമ്രപാലി

ചെപ്പോക്ക്… ആകാശത്തേയ്ക്ക് വളർന്നു നിൽക്കുന്ന തൊട്ടി കണക്ക് എം എ ചിദംബരം സ്റ്റേഡിയം… താഴെ വന്ന് തിരിച്ചുപോകാൻ മടിയ്ക്കുന്ന മിന്നലുകളെ കൊളുത്തിവച്ചത് പോലെ ഫ്ലഡ് ലൈറ്റുകൾ വെള്ളിവെളിച്ചം വിതറുന്നു…
മഴയിരമ്പുന്ന പാതിരാവുകളുടെ ഒക്റ്റോബർ മാസമാണ്. ഇന്നെന്തോ, കാലാവസ്ഥ ശാന്തമാണ് പൊതുവേ. സബർബൻ ട്രെയ്നിന്റെ അഞ്ചാമത്തെ കൂപ്പയിൽ വിൻഡോ സീറ്റു തന്നെയാണ് ലഭിച്ചത്. മദ്ധ്യകൈലാഷിൽ നിന്ന് കയറുന്നേരം നല്ല തിരക്കുണ്ടാകാറാണ് പതിവ്… ഇന്ന് ഗാന്ധി ജയന്തി ആയതുകൊണ്ട് മിക്കവാറും ആപ്പീസുകളെല്ലാം അവധിയായതിനാൽ വലിയ തള്ളില്ല. പകലു ചെറുതായി മഴ ചിണുങ്ങിയിരുന്നു, പ്രതീക്ഷിച്ചത്ര കച്ചവടമൊന്നും നടന്നതുമില്ല... ഇൻഡസ്ട്രിയൽ സേഫ്റ്റി സെന്ററിനു മുൻപിൽ സാമാന്യം ഭേദപ്പെട്ട വിസ്താരമുള്ള ഫൂട്ട്പാത്തിൽ ഫ്ലക്സു വച്ച് മറിച്ച തുറന്ന പീടികയല്ലേ… കൂട്ടിയിട്ടിരിക്കുന്ന പഴങ്ങളിൽ ഒന്ന് കറുത്താൽ മതി ഈ മഴ കൊണ്ടിട്ട്, മൊത്തത്തിലങ്ങ് ചീഞ്ഞ് പോകും. ഈ വറുതിക്കാലത്ത് അതുകൂടെ മതി, കത്തലടക്കാൻ പിന്നെ കക്കേണ്ടി വരും. ഒറ്റക്കാലൻ അണ്ണാച്ചിയ്ക്ക് ഇതൊക്കെ മഴവീഴുമ്പൊഴേക്കും എടുപിടിയെന്ന് മൂടി വക്കാൻ കഴിയുമോ? മുഷിഞ്ഞ വേഷക്കാരനെ അതിലൂടെ പോകുന്ന സോഫ്റ്റ്വെയർ ജോലിക്കാരോ, ഗവണ്മെന്റ് ഉദ്യോഗസ്ഥരോ, മറ്റു പീടികക്കാരോ സഹായിക്കാറില്ല.
ഇന്ന് നേന്ത്രപ്പഴത്തിന്റെ കച്ചവടം പൊടിപൊടിക്കുമെന്ന് കരുതിയതാണ്. സാധാരണ വെള്ളിയാഴ്ചകളിൽ അങ്ങനാണ് പതിവ്, കാരണം സ്ഥിരക്കാരായ കുറച്ച് പട്ടന്മാരുണ്ട് ഇവിടെ… പഴം പ്രഥമൻ നല്ല പഥ്യമുള്ളവർ... പഴമുദിർചോലൈയിലെല്ലാം പോയി സാധനങ്ങൾ വാങ്ങാൻ സമ്പാദ്യമുള്ളവരൊക്കെ തന്നെ, പക്ഷേ എന്റെ അടുത്ത് നിന്നെന്ന പോലെ പേശി വാങ്ങുന്നതിന് സാധിക്കില്ല്ലല്ലോ… ഫിക്സഡ് റേറ്റ് അല്ലേ എല്ലാത്തിനും. എന്തായാലും ആ ഫിക്സഡ് റേറ്റ് ഞങ്ങൾ തെരുവുകച്ചവടക്കാർക്ക് ഇവിടെ വലിയൊരാശ്വാസമാണ്… കുറച്ചെങ്കിലും ഉപഭോക്താക്കളെ ഇപ്പോൾ അധികം ലഭിക്കുന്നുണ്ട്. നഗരം വളരുന്നതോടൊപ്പം ആളുകളുടെ എണ്ണം പെരുകുകയും കീശയും മനസ്സും ആവോളം ചുരുങ്ങുകയും ചെയ്യുന്നുണ്ടെന്ന് ഞങ്ങളോളം മനസ്സിലാക്കിയ മറ്റാരെങ്കിലും കാണുമോ?
തിരുവള്ളിക്കേനി കഴിഞ്ഞപ്പോൾ മുതൽ ഞാൻ തേടുകയാണ്… ഇതുവരെ കണ്ടില്ലല്ലോ അവളെ... അമ്രപാലി… എത്ര മനോഹരമായ പേരാണ്… വ്യാജമായിരിക്കാമൊരുപക്ഷേ, എന്നാലും ആ പേരിലൂടെ ഞാൻ അവളിലെ വിദുഷിയെ തിരിച്ചറിഞ്ഞിരിക്കുന്നു. ബുദ്ധന്റെ അരുമശിഷ്യയായിരുന്നു അമ്രപാലി…ബിംബിസാരന്റെ പ്രണയപദ്മമായിരുന്ന അമ്രപാലി…
കോട്ടൂർപുരത്തെ അണ്ണാ സെന്റനറി ലൈബ്രറിയിലെ സൗജന്യപ്രവേശങ്ങളിലൂടെ ഞായറാഴ്ചവൈകുന്നേരങ്ങളിൽ ഞാൻ പകർന്നെടുക്കാറുള്ള കുറച്ച് അറിവുകളുണ്ട്. അവിടെ ചരിത്രവിഭാഗത്തിലെ സേതുപതി അയ്യരാണ് എന്നെ ആദ്യമായങ്ങോട്ട് കൊണ്ടുപോകുന്നത്, എന്റെ സ്ഥിരം ഉപഭോക്താക്കളിൽ ഒരാൾ, ദീനാനുകമ്പനായ പാവം മനുഷ്യൻ. കൊലുന്നനെയുള്ള ആ ശരീരത്തെ വലിയ കുർത്തയിൽ നിന്നും തിരഞ്ഞ് കണ്ടുപിടിക്കയെന്നത് തന്നെ വലിയ മിനക്കേടാണ്. മനുഷ്യാവകാശപ്രവർത്തകനാണ് അദ്ദേഹം, ‘വണ്ണം’ എന്ന സംഘടനയുടെ ചെന്നൈ നോർത്ത് ഘടകം പ്രതിനിധി… പലതവണ ഞാൻ ചോദിച്ചിട്ടുണ്ട് “മനുഷ്യാ… നിങ്ങൾക്ക് പാകമാകുന്ന വല്ലതുമിട്ടുകൂടേ” എന്ന്. അന്നേരം അദ്ദേഹം പറയും, “നമുക്ക് മാത്രമുള്ളതല്ല ഈ ഭൂമി… ഈ ആകാശം.. ഈ വെളിച്ചം… ഈ മണ്ണ്… ഒന്നും. നമുക്കു ചുറ്റും പലരുമുണ്ട് പലതുമുണ്ട്. ഇടങ്ങൾ തേടി അലയുന്നവർ, നാം കയ്യേറുന്ന ഇടങ്ങളിൽ നിന്ന് തുരത്തപ്പെടുന്ന അനേകായിരങ്ങൾ. സ്വത്വം നഷ്ടപ്പെട്ടതിൽ വേദനിക്കുന്ന പുൽമേടുകൾ, മരുഭൂമികൾ… ഇടങ്ങളാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. നമുക്കകത്ത് തന്നെ ഒരുപാട് ഇടം ബാക്കി ഉണ്ട് എന്ന ഓർമ്മപ്പെടുത്തലാണ് എന്നെ എന്ത് ചെയ്യുന്നതിന്നും പ്രേരിപ്പിക്കുന്നത്… ഞാൻ കയ്യേറിയിരിക്കുന്നു എന്നെനിക്ക് ബോധ്യമുള്ള എനിക്കു ചുറ്റുമുള്ള ഇടങ്ങളെ എന്നിൽ തന്നെ പ്രതിനിധീകരിക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗ്ഗമാണ് ഈ അയഞ്ഞ കൈത്തറിക്കുപ്പായങ്ങൾ…” ഹൊ… ആ മറുപടി കേൾക്കുമ്പോൾ എന്നെപ്പോലുള്ള ഒരു പുറമ്പോക്കിനുണ്ടാകുന്ന രോമാഞ്ചം ഒന്നു വേറെ തന്നെയാണ്. ഞാൻ പോലും ആരുടെയോ നടയിടങ്ങളെ കയ്യേറിയിരിക്കയാണല്ലോ എന്ന് അല്പനേരത്തേക്കെങ്കിലും പശ്ചാത്തപിക്കും. ഇയാൾക്കെങ്ങിനെ ഇങ്ങനെ ലളിതനാകാൻ കഴിയുന്നു എന്ന് അത്ഭുതം കൂറും. എന്റെ മുറിക്കവിതകൾ കേട്ടുകൊണ്ടായിരുന്നു, സെന്റനറി ലൈബ്രറിയിലേയ്ക്ക് ക്ഷണിച്ചത്… എന്തുകൊണ്ടോ, ദ്രവീഡിയൻ സാഹിത്യത്തേക്കാൾ എന്നെ ഹഠാദാകർഷിച്ചത് ചരിത്രമായിരുന്നു... ബുദ്ധിസത്തിലേയ്ക്കടുക്കുന്നതും ബുദ്ധിസത്തിന്റെ ചരിത്രം പഠിയ്ക്കുന്നതും അങ്ങിനെയാണ്… അന്നുമുതലേ അമ്രപാലി മനസ്സിലുണ്ട്… സ്ത്രീത്വം തുളുമ്പുന്ന ശാക്തേയരൂപങ്ങളിൽ ഒന്നാമതായി.
എന്തുകൊണ്ടാണെന്നറിയില്ല… അന്നങ്ങനെ സംഭവിച്ചു പോയി. നല്ല തണുപ്പുള്ള ഒരു ജനുവരിമാസത്തിൽ ചെപ്പോക്കിൽ നിന്നും മദ്ധ്യകൈലാസ്ഹിലേയ്ക്ക് നാലരയുടെ ട്രെയ്നിൽ വരികയായിരുന്നു ഞാൻ. തലേന്ന് അല്പമധികം മദ്യപിച്ചതിന്റെ ക്ഷീണം കൊണ്ട് വശത്തെ ഇരുമ്പുജാലകത്തിൽ തലചായ്ച്ച് ഉറങ്ങിപ്പോയി…ഇവിടെ വല്ലപ്പോഴുമെത്തുന്ന വിരുന്നുകാരാണ് തണുപ്പ്. അതുകൊണ്ട് തന്നെ പ്രകൃതി കാറ്റഴിച്ചു വിട്ടും, മരങ്ങളിൽ പുത്തനിലകൾ കിളിർപ്പിച്ചും ആകുന്നത്ര സത്കരിക്കാൻ നോക്കുന്നുണ്ട് മഞ്ഞുകാലത്തെ. തണുപ്പുകാറ്റടിച്ചാൽ പിന്നെ ഉറക്കം എപ്പോ വന്നു എന്നു ചോദിക്കേണ്ടതില്ല… പെട്ടെന്നാണ് കാതിനരികിൽ ഒരു വളകിലുക്കവും കൈകൊട്ടും കേട്ടത്… “വേഗം പൈസയെടുക്ക്” എന്ന ധാർഷ്ട്യത്തിലുള്ള ചോദ്യവും കൂടി കേട്ടപ്പോൾ ഞാൻ തലയുയർത്തി നോക്കി. മൂക്കുത്തിയണിഞ്ഞ്, തലയിൽ കനകാംബരം ചുറ്റി പൗരുഷം മായ്ചുകളയാൻ ചെത്തിമിനുക്കിയ മുഖത്ത് ചായം തേച്ച് ഒരു പെൺകുട്ടിയാകാൻ കൊതിയ്ക്കുന്ന ആൺകുട്ടി… എനിക്ക് അവളിലെ സ്ത്രൈണതയുടെ ആധിക്യം വല്ലാതങ്ങ് പിടിച്ചു. ഒരു സാധാരണ സ്ത്രീയേക്കാളും ഇവൾ ഇവളെ സ്നേഹിക്കുന്നുണ്ടായിരിക്കണം… അല്ലാതെങ്ങനെയാണ് രൂപത്തെ വെല്ലുവിളിക്കുന്ന പെരുമാറ്റത്തെ സ്വായത്തമാക്കാൻ കിണഞ്ഞധ്വാനിക്കാൻ സാധിയ്ക്കുക… ട്രെയ്നിൽ പണം കൈക്കലാക്കാൻ ഹിജഡകളായി വേഷം കെട്ടുന്നവരുണ്ട്… പക്ഷേ ഇവളങ്ങനെയല്ല… ഇവളുടെ തിളങ്ങുന്ന കണ്ണുകൾ പറയുന്നുണ്ട്, ഉള്ളു പൊട്ടിച്ചിതറാൻ വെമ്പുന്ന ഒരു സ്ത്രീത്വം എന്നിൽ മുഴങ്ങുന്നുണ്ട്… നിനക്കത് കാണാമോ ചെറുക്കാ എന്നെന്ന്ഓട് ചോദിക്കുന്നത്പോലെ… ഞാനവളുടെ കണ്ണുകളിലേയ്ക്ക് മാത്രം നോക്കി നിന്നു… അവളെന്റെ പോക്കറ്റിന്റെ മീതെ കൈ വച്ചു. അവരുടെ അവസാനത്തെ അടവാണത്. അവരുടെ ശരീരസ്പർശം പലപ്പോഴും അറപ്പാണല്ലോ ആളുകൾക്ക്. ഒഴിഞ്ഞുപോകട്ടെ നാശം എന്നു കരുതി അന്നേരം എന്തെങ്കിലും കൊടുക്കും. ഞാൻ അവളുടെ കണ്ണുകളിലേക്കുറ്റുനോക്കിക്കൊണ്ട് ആ കൈകൾ പതിയെ തലോടി… വാതിലിനിടയിൽപ്പെട്ട് നുറുങ്ങിയ വിരലുകളെന്നോണം അവൾ കൈകൾ പിൻവലിച്ചു… രണ്ടടി പിന്നോട്ട് നടന്ന് അവൾ പെട്ടെന്ന് കൂട്ടം ചേർന്ന് പഴയതുപോലെ കയ്യടിച്ച് അടുത്ത കൂപ്പയിലേയ്ക്ക് നടന്നു… അതെ.. ജീവിതം ക്ലിഷെകളുടെ സഞ്ചയം തന്നെയാണ്… ആദ്യമായി , ഒരു പെൺകുട്ടി (എന്നെനിക്ക് തോന്നിയ ആൾ,) എന്നെ പിന്തിരിഞ്ഞു നോക്കി. ആദ്യമായി ആ പെൺകുട്ടി, താനല്ലാതെ തന്നെ സ്പർശിച്ച ഒരാളെ തിരിഞ്ഞു നോക്കി. രണ്ടു നോട്ടങ്ങൾ, എറിഞ്ഞ പാടെ പ്രതീക്ഷിച്ചത് കണ്ടതിന്റെ ലജ്ജയിൽ രണ്ട് വഴിയ്ക്ക് തിരിഞ്ഞുപോവുകയും ചെയ്തു.
അന്നു വൈകുന്നേരത്തെ 7.20 ന്റെ വണ്ടിയ്ക്കും ഞാൻ അവളെ കണ്ടു… ഇത്തവണ അവളെന്റെ അരികിൽ വന്നത് പോലുമില്ല… ചെപ്പോക്കിൽ വണ്ടിയിറങ്ങുന്നേരം ജാക്കറ്റിന്റെ മേൽഭാഗത്ത് കയ്യകത്തേക്കിട്ട് കുറച്ച് നോട്ടുകൾ വലിച്ചെടുത്ത് എണ്ണി നോക്കുകയായിരുന്നു. കണ്ണുകൾ ആ നോട്ടുകളിലേക്കു മാത്രം പതിച്ച്, തന്റെ ചുറ്റുമൊരു ലോകമുള്ളത് തീരെ ശ്രദ്ധിക്കാതെ. ഞാൻ എന്റെ പാഞ്ചാലിമരക്കമ്പിലുണ്ടാക്കിയ ഊന്നുവടി താളത്തിൽ ചുമരിൽ തട്ടി അവളുടെ അരികിൽ നിന്നു. അവളുടെ ശ്രദ്ധയാകർഷിക്കാനുള്ള എന്റെ ശ്രമം വിജയിച്ചു എന്നു തന്നെ പറയാം… എന്റെ മുഷിഞ്ഞ ഷർട്ട് അവൾ വണ്ടിക്കകത്ത് വച്ച് കണ്ടു എന്നതെനിക്ക് നിശ്ചയമാണ്… അതുകൊണ്ടു തന്നെ ഒരുപാളിനോട്ടത്തിൽ എല്ലാം അവസാനിക്കുമെന്നു കരുതിയെങ്കിലും എനിക്ക് തെറ്റി. അവൾ എന്റെ അരികിൽഏയ്ക്ക് ചേർന്നു വന്നു…”പേരെന്താ? “, ചോദിച്ചു. “മുരുഗൻ.. നീ?” ഞാൻ തിരികെയും ഒരുചോദ്യമെടുത്തിട്ടു… “ഹഹ… പേര്… ഞങ്ങൾ തിരിച്ചറിയൽ രേഖകളിലില്ലാത്തവരാണ്. ഔദ്യോഗികകമായി പേരാവശ്യമില്ലാത്തവർ… ആനുകൂല്യങ്ങൾക്ക് കളങ്ങളിൽ കൊള്ളാത്തവർ… നിനക്ക് നിർബന്ധമാണെങ്കിൽ അമ്രപാലി എന്ന് വിളിക്കൂ… ഹഹഹ…” പുരുഷസ്വരത്തിൽ സ്ത്രൈണമായട്ടഹസിച്ച് അവൾ മുന്നോട്ട് നീങ്ങി.
ഞാൻ ഉറക്കെ വിളിച്ചു, “അമ്രപാലീ… എന്റെ വൈശാലിയിലെ അതിസുന്ദരീ… എനിക്ക്… എനിക്ക് നിന്നെ ഇഷ്ടമാണ്…” സബർബൻ സ്റ്റേഷനിലെ പ്ലാസ്റ്റിക്ക് മച്ചുപോലും അറച്ചുകൊണ്ടെന്നെ നോക്കി. അവൾ ഒരുവേള നിന്നു… വിഷാദമൂകമായ മുഖം എന്റെ നേർക്ക് തിരിച്ചു… പിന്നെ പതിയെ തലതാഴ്ത്തി തിരിഞ്ഞു നടന്നു. ഞാൻ ഊന്നുവടിയിൽ ചാടി അവളുടെ പുറകെയെത്തി… “അമ്രപാലീ…”
“ഉം…”
“ഞാൻ പറഞ്ഞതു കേട്ടില്ലേ?”
“എനിക്ക് കേൾവിയുടെ മാധുര്യം നഷ്ടപ്പെട്ടിട്ട് കാലങ്ങളായിരിക്കുന്നു… ഞങ്ങളുടെ കദനങ്ങളല്ലാതെ ഇഷ്ടത്തോടെയുള്ള ഒരു വിളി കേട്ടിട്ട് യുഗങ്ങളായിരിക്കുന്നു… ദയവ് ചെയ്ത് വേണ്ടാ… നിങ്ങൾ തിരികെ പോകൂ…”
ഞാൻ അവളുടെ കൈകളിൽ കടന്ന് പിടിച്ച് വിരലുകളിൽ തിരഞ്ഞു… ഞങ്ങൾക്കിടയിൽ പുതുതായി പ്രത്യക്ഷമായ ദ്വീപിന്റെ ഭൂപടം ഇതിലെവിടെയാണ്? അവൾ എന്റെ ചുമലിലേക്ക് ചരിഞ്ഞു…കൈകൾ വരിഞ്ഞെന്നെ ശ്വാസം നിലക്കുമാറ് അണച്ചുപിടിച്ചു. കൃത്രിമസ്തനങ്ങൾ എന്റെ നെഞ്ചിൽ പതിഞ്ഞിരുന്നു… “മുരുഗണ്ണാ…”
എത്ര നേരമായി തിരയുന്നു… അവളെ കാണ്മാനില്ല… അല്ലെങ്കിൽ എത്ര കളക്ഷൻ കുറഞ്ഞാലും 7.20 ന്റെ ട്രെയ്നിൽ ഭിക്ഷാടകയുടെ വസ്ത്രമുരിഞ്ഞ് കളഞ്ഞ് അവൾ എന്നോടൊപ്പം വരാറുള്ളതാണ്. ചെപ്പോക്കിൽ ട്രെയ്ൻ എത്തിയിട്ടിപ്പോൾ അര മണിക്കൂറിലധികമായി… അല്ല ഇന്ന് അവളുടെ കൂട്ടുകാരെ ആരെയും കണ്ടില്ലല്ലോ… എല്ലാവർക്കും ഇതെന്തു പറ്റി? മഴയായത് കൊണ്ട് ട്രെയ്ൻ തന്നെയാണിന്ന് വരവ് കൂട്ടാനുള്ള മാർഗ്ഗം. എന്നിട്ടുമെന്തേ? ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിലെ വെളിച്ചം എന്റെ കണ്ണിനെയും മനസ്സിനേയും വല്ലാതെ തളർത്തി കളയുന്നു.
“മുരുഗണ്ണാ….”
അലച്ച് വീഴുന്ന ഒരു നിലവിളി പോലെ തോന്നി… ശിവാനിയുടെ ശബ്ദമല്ലേയത്…ആൾട്രാടെക്ക് സിമന്റിന്റെ പരസ്യമുള്ള സ്റ്റേഡിയത്തിന്റെ മഞ്ഞച്ച ചുമരിൽ ചാരി നിൽക്കുക്അയായിരുന്നു ഞാൻ. ശബ്ദം കേട്ട സ്ഥലത്തേയ്ക്ക് ആകാവുന്നത്ര വേഗത്തിൽ ആഞ്ഞ് നടന്നു…
ശിവാനി ഓടി വരുന്നുണ്ട്…
“എന്തേ? എന്ത് പറ്റി?”
“മുരുഗണ്ണാ… നമ്മുടെ അമ്രപാലിയെ ഒരാൾ ഇന്ന് ആക്രമിച്ചു? “
“ങേ… എന്ത്? എന്താ? എന്താ ഉണ്ടായേ? “
“അവളുടെ അടുത്ത് അയാൾ എന്തോ അനാവശ്യമായി പെരുമാറി… ഇന്ന് രാത്രിയിലേയ്ക്ക് നിന്നെ വേണമെന്ന് പറഞ്ഞ് ട്രെയ്നീന്ന് വലിച്ചെഴക്കുവാർന്നു… ആർ പി എഫുകാര് പൊലയാടി മക്കള് അത് കണ്ട് നിന്നണ്ണാ…”
“അവളെവിടാ എന്നിട്ട്?”
“നുംഗമ്പാക്കത്ത് സർക്കാരാശുത്രീലുണ്ട്… പക്ഷേ …”
“പക്ഷേ..?”
“മോർച്ചറീലാ….”

Comments

  1. അവഗണിക്കുന്നവരെയും സമൂഹം അംഗീകരിക്കുമെന്ന് വിശ്വസിക്കാം...
    ആശംസകള്‍

    ReplyDelete
  2. ഓ.. സങ്കടപ്പെടുത്തുന്ന കഥ

    ReplyDelete
  3. കഷ്ടം.ദൈന്യതയാർന്ന ജീവിതം.

    വായിക്കേണ്ടായിരുന്നു.സങ്കടപ്പെട്ടു.

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ