(1)
മണ്ണെണ്ണക്കുപ്പിയിൽ നിന്നും പെട്രോമാക്സിലേയ്ക്കും
സോഡിയം വേപ്പറിന്റെ മഞ്ഞത്തീയിലേയ്ക്കും
ഹൈമാസ്റ്റ് ലൈറ്റിന്റെ മിന്നൽച്ചുംബനങ്ങളിലേയ്ക്കും നടത്തിയ,
വെളിച്ചക്കൂടുതലും തെളിച്ചക്കുറവും
മാടമറുതകളുടെ ചീറിപ്പാച്ചിലുണ്ടാക്കിയ ട്രാഫിക്ക് ബ്ലോക്കുമുള്ള
അതിവേഗപ്രയാണമാണ്
നഗരവത്കരണം.
(2)
വിലക്കപ്പെടാവുന്നത്ര നിയന്ത്രണരേഖകളുള്ള
നഗരത്തിന്റെ
മുപ്പതാം കവാടത്തിൽ
മൂന്നാമതായാണയാൾ നിൽക്കുന്നത്.
തികച്ചും ശാന്തൻ.
വരിയിൽ രണ്ടാമനാകുമ്പോൾ
മേലാകെയുള്ള കറുത്ത വസ്ത്രം ആവാഹിയ്ക്കുന്ന
ഭീകരതയെ കുടഞ്ഞെറിയാൻ
തല
ഇടത്തേയ്ക്കും വലത്തേയ്ക്കും വെട്ടിയ്ക്കുന്നു.
വരിയിലയാളിപ്പോൾ ഒന്നാമനും
കൈകൾ രണ്ടും വിടർത്തിപ്പിടിച്ച്
വാതിലുകളേക്കാൾ വലിയവനാണു ഞാൻ എന്ന്
സ്ഥാപിയ്ക്കുന്നവനു-
മാകുന്നു.
കാവൽക്കാരെ,
ഇരു ദിശകളിലേയ്ക്കും ചവിട്ടിത്തെറിപ്പിച്ച്,
വാതിലിനു കുറുകെ-
യയാൾ നിൽക്കുന്നു.
രണ്ട് കൈകളും, രണ്ടുകാലുകളും
വാതിലിന്റെ മൂലകളിലേയ്ക്ക് ചേർത്ത്പിടിച്ച്
തല ഉയർത്തിപ്പിടിച്ച്.
അയാളിൽ നിന്നും
പ്രകാശരേണുക്കൾ പരക്കാൻ തുടങ്ങുകയും
അയാളൊരു
നക്ഷത്രമാവുകയും ചെയ്യുന്നു.
ഒന്ന്, രണ്ട്, മൂന്ന് എന്ന്
നഗരത്തിന്റെ
മുപ്പത്തിമുക്കോടി കവാടങ്ങളിലും
ഓരോ മനുഷ്യനക്ഷത്രങ്ങളുണ്ടാകുന്നു.
മതിലുകൾ ആകാശത്തോളമുള്ളതിനാൽ,
ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേയ്ക്കും
തിരിച്ചുമുള്ള
ഒഴുക്കുകൾ പരസ്പരം മരണപ്പെടുന്നുണ്ട്.
ഓരോ കവാടങ്ങളിൽ നിന്നും നക്ഷത്രവാലുകൾ
മതിലരികത്തുകൂടി,
വളർന്നു നീളം വയ്ക്കുന്നു.
പരസ്പരം കൈകോർക്കുന്നു.
നഗരസീമ വെളിച്ചപ്പെടുകയാണ്.
നക്ഷത്രങ്ങൾ നഗരകേന്ദ്രത്തിലേയ്ക്ക്
യാത്ര തുടങ്ങിയിരിയ്ക്കുന്നു.
നഗരവാസികൾ വീർപ്പുമുട്ടി
പുക ഛർദ്ദിയ്ക്കുന്നു.
നക്ഷത്രച്ചൂടുകൊണ്ട് ശുദ്ധീകരിയ്കപ്പെട്ടവ
സ്വർഗ്ഗാരോഹണം നടത്തുകയോ,
ഒന്നാം ദിനം തന്നെ ഉയിർത്തെഴുന്നേൽക്കുകയോ ചെയ്യുന്നു.
നഗരം
അനുനിമിഷം
ചുരുങ്ങുകയും
ഏകബിന്ദുവായിത്തീരുകയും
ചെയ്യുന്നു.
ഇപ്പോൾ,
ഗ്രാമങ്ങൾ മാത്രമാണുള്ളത്.
എല്ലാ ഇരുളിടങ്ങളും
നക്ഷത്രവേഴ്ചകളിൽ
ഗ്രാമക്കുഞ്ഞുങ്ങളെ പെറ്റിടുകയാണ്.
ഇപ്പോൾ,
ReplyDeleteഗ്രാമങ്ങൾ മാത്രമാണുള്ളത്.
എല്ലാ ഇരുളിടങ്ങളും
നക്ഷത്രവേഴ്ചകളിൽ
ഗ്രാമക്കുഞ്ഞുങ്ങളെ പെറ്റിടുകയാണ്.
നല്ല വരികള്‍
ആശംസകള്‍
എന്നാല്‍ നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം
ReplyDelete