Skip to main content

കരിന്തേൾ വേതാളങ്ങൾ.








 സഖാവ് ടി പി ചന്ദ്രശേഖരന് ആദരാഞ്ജലികൾ.

കഥകളായിരുന്നു പണ്ട്.
ഉടുപ്പിനിടയിലൂടിഴഞ്ഞ് വന്ന്
ഉടലാകെ വിഷം ചീറ്റിപ്പാഞ്ഞ
കരിന്തേളുകൾ.

കിടങ്ങുകൾ തോണ്ടി,
തോട്ടിയും തോട്ടയുമായിരിയ്ക്കുന്ന
പരിഷകൾക്കിടയിലേയ്ക്ക്
ശിരസ്സാഞ്ഞ് പാഞ്ഞടുത്ത
ധീരകളഭങ്ങളെ,
വാൽവളവിൽ കൊരുത്തെടുത്ത
കരിന്തേളുകൾ.

കാളകൂടം ദുഷിപ്പിച്ച കറുപ്പാണ്
മേനി ഭരിയ്ക്കുന്നത്.
ചോരയുടെ ചുവപ്പ് മൂത്തും
കറുപ്പാകുമത്രേ.
കൊടിക്കനം പഴുത്തുനാറിയും,
ചത്തുകരിഞ്ഞും
കൊടും കറുപ്പാകും.

കഥയിൽ നിന്നിറങ്ങിയ
വേതാളപ്പുനർജ്ജനികൾ
ചതിവേട്ടപ്പെരുമകളുടെ
മാറാപ്പായ് അരയിൽ തൂങ്ങി,
ഇരുകാലുകളേയും
ജനനേന്ദ്രിയത്തെയും
ആഹരിച്ചു തുടങ്ങിയിരിയ്ക്കുന്നു.

ഓലക്കീറൊളിവിലെ
കൊള്ളിയാൻ വെട്ടത്തിൽ
കടലാസു കത്തിച്ച
തൂലികാസ്ഥൈര്യമേ,
വീരധാരാളിത്ത
പ്രജനനമിനിയെന്ന്?

Comments

  1. അല്പം വൈകിയെങ്കിലും സഖാവ് ടി പി ചന്ദ്രശേഖരന്റെ വീരാത്മാവിനു മുൻപിൽ ഞാനിതു സമർപ്പിയ്ക്കട്ടെ.

    ReplyDelete
  2. വളരെ നല്ല നിലവരം പുലർത്തുന്നുണ്ട് ഈ കവിത

    ReplyDelete
  3. നല്ല ഭാഷ, നല്ല ഒതുക്കം...
    നിലവാരം പുലര്‍ത്തുന്ന രചന..

    ReplyDelete
  4. അന്യം നിന്നുകൊണ്ടിരിക്കുന്ന മൂല്യാധിഷ്ടിത രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു സഖാവ് ടി.പി.

    സഖാവിന്റെ വീരാത്മാവിനു മുൻപിൽ സമർപ്പിയ്ക്കട്ട ഈ വരികള്‍ക്ക് അഭിവാദ്യങ്ങള്‍.....

    ReplyDelete
  5. ശക്തമായ വരികള്‍....സഖാവ് ടീപി മരിക്കുന്നില്ല...ജീവിക്കുന്നു ഇന്നും ഒഞ്ചിയത്തെ ജനങ്ങളിലൂടെ...

    ReplyDelete
  6. നല്ല വരികള്‍... നല്ല വരികള്‍... തീഷ്ണമായി എഴുതി...

    ReplyDelete
  7. തീക്ഷ്ണമായ വരികളില്‍
    പൊള്ളലേല്‍പ്പിക്കും തീക്കനലുകള്‍!
    ആശംസകള്‍

    ReplyDelete
  8. വരികളിഷ്ടമായി.

    ReplyDelete
  9. ചേട്ടനാണോന്നറിയില്ല, രഞ്ജിത്,നിങ്ങളുടെ കവിത വായിക്കുമ്പോൾ ആളുകൾ എങ്ങനെ എന്തുകൊണ്ട് കവിതയെഴുതണം എന്ന് മനസ്സിലാവുന്നു. കാരണം ഞാൻ വായിക്കാറുള്ള കവിതകളിലധികവും കുറെ അശ്ലീല വാക്കുകൾ അർത്ഥവും,ആഴവുമൊന്നുമില്ലാതെ അവിടവിടെ ഛർദ്ദിച്ച് നിരത്തിവച്ചിരിക്കുന്നതാണ്. അങ്ങനേയുള്ളപ്പോൾ അതിനിടയിൽ ഇത്രയ്ക്കും ഗാംഭീര്യമുള്ള വാക്കുകൾ കൊണ്ടുള്ള കവിത വായിക്കുമ്പോൾ നല്ല സുഖം തോന്നുന്നു. ആശംസകൾ.

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ