മൂന്നാം ക്ലാസിൽ പഠിയ്ക്കുമ്പോഴാണ് സ്വാഭാവികമെന്ന വാക്ക് ഒന്നാം തവണ കേട്ടത്. "കള്ളപ്പൊലയന്റെ മോൻ തോറ്റേല് എന്താപ്പിത്രത്ഭുതം, സ്വാഭാവികം" എന്ന് ആരോയെന്റെ മീതേയ്ക്ക് വാക്കുകൾ തുപ്പിയാട്ടി. ക്ലാസ് ചാർജ്ജുണ്ടായിരുന്ന ഗായത്രി വർമ്മ ടീച്ചർടെ സാരിയിൽ അറിയാതെ പറ്റിയെന്റെ മൂക്കള കോലോത്തെ പറമ്പിൽ ചാരമായി പറന്നുപോയി. പിന്നീട്, തഹസീൽദാരുടെയടുത്ത് ഇംഗ്ലീഷിലുള്ള കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന് മൂന്ന് ആഴ്ച കാത്തുനിൽക്കേണ്ടി വന്നപ്പോൾ. എൻ ഐ ടി അഡ്മിഷൻ ലഭിച്ചിട്ടാണെന്നറിഞ്ഞ പ്യൂണിന്റെ "ഡാ പൊലയച്ചെക്കാ... നിയ്യൊക്കെ കാരണം ഞങ്ങടെ ക്ടാങ്ങടെ സീറ്റാ പോണേ" എന്ന അമർഷത്തിനുമീതേയ്ക്ക് ക്ലർക്കൊരുവൾ "ഇവറ്റോൾക്കെല്ലേ എല്ലാമുള്ളൂ, ഹാ സ്വാഭാവികം" എന്ന് ഒഴുക്കനെ പറഞ്ഞു. AIR - 27 എന്ന് അക്കമിട്ട, കാറ്റഗറൈസ് ചെയ്യാത്ത ഒരു സ്കോർ കാർഡ് ബാഗിലിരുന്ന് വെന്തുനീറുന്നുണ്ടായിരുന്നു. ബി.ടെക്ക് ഫസ്റ്റ് റാങ്ക് പലർക്കും പൊലയന്റെ "സ്വാഭാവിക" കപടവിജയം തന്നെയെന്നതിൽ തെല്ലും തർക്കമുണ്ടാകേണ്ടതല്ലല്ലോ. സിവിൽ സർവ്വീസിൽ അഞ്ഞൂറ്റിനാല്പത്തൊമ്പതാം റാങ്ക് ലഭിച്ചതിന്റെ പിറ്റേന്ന്, കരിവീട്ടിയിൽ കാക്കി പുത...