പീടികയെക്കുറിച്ച്. ----------------------- കോളനിപ്പടി പടിഞ്ഞാറേതിരിവിലെ ഹരിയേട്ടന്റെ 'ലക്ഷ്മി ടീസ്റ്റാൾ' കമ്മ്യൂണിസ്റ്റ് പാർട്ടി മീറ്റിംഗുകളിലെ കട്ടൻ ചായയുടെയും പരിപ്പുവടയുടെയും പറ്റുകേന്ദ്രമായിരുന്നു. ഇന്ന് അതൊരു ആർക്കേഡാണ്. പേര് 'ഡ്രീംസ്'. കട്ടൻ ചായയ്ക്കു പകരം സ്വപ്നങ്ങളും പരിപ്പുവടയ്ക്കുപകരം പ്രതീക്ഷകളുമാണ് അവിടെയിപ്പോൾ കച്ചവടം ചെയ്യുന്നത്. മിനുറ്റിനു മുന്നൂറു രൂപാ കൊടുത്താൽ ഏതു സ്വപ്നവും കാണാമത്രേ. സ്വപ്നം പാകം ചെയ്യേണ്ട വിധം. ------------------------------ ---------- സന്തോഷത്തിനും സങ്കടത്തിനും കാമത്തിനും കവിതയ്ക്കുമെല്ലാം ഓരോ പ്രോഗ്രാം കോഡുണ്ട്. ഒരു തവി ഓട്സിൽ ഈ കോഡു കുഴച്ചുണ്ണുക. സ്വപ്നഗോളമെന്നുപേരിട്ട ചില്ലുകൂട്ടിലിരിയ്ക്കുക. അതിലിരുന്നാൽ ചില്ലുമതിലിൽ തട്ടി ചിന്തകൾ തെറിച്ചു പോവുകയോ മുറിഞ്ഞു ചാവുകയോ ചെയ്യും. കെട്ടുവിട്ട പട്ടമായിട്ടിത്തിരിനേരം പാറാം. കാശു കൊടുത്ത് ഭ്രാന്തനാവുക തന്നെ. കണക്കും കൺക്ലൂഷനും ------------------------------ മാസാന്ത്യരജിസ്റ്ററിൽ 986 വിദ്യാർത്ഥികൾ 394 എഞ്ചിനീയേഴ്സ് 472 ഡോക്ടേഴ്സ് 13 കൂലിപ്പണിക്കാർ...