ഒരു പുൽക്കൊടി തുഷാരമായി മറ്റൊന്നിന്റെ കണ്ണിലേയ്ക്കെപ്പോഴും ഇറ്റി വീണുകൊണ്ടിരിയ്ക്കുന്നു. കാഴ്ചയുടെ തണുപ്പായി അവർ പ്രണയസല്ലാപം നടത്തുന്നു. കാറ്റു വരുമ്പോൾ, ഒരിടത്തേയ്ക്കവർ ഇറുകിപ്പുണർന്ന് ചായുന്നു. അവന്റെ അമ്മ, തോട്ടിറമ്പത്തൊരിയ്ക്കൽ വലിയൊരു പുല്ലായിരുന്നു. മേനിയാകെ നനഞ്ഞവൾ വെള്ളത്തോടു കിന്നരിച്ചുകൊണ്ടിരിയ്ക്കേ, മീൻ കൊത്തിയെടുത്ത വിത്ത് തോടിന്റെ ഗർഭത്തിൽ നിന്നും പറിച്ചെടുത്ത് കരയിൽ വച്ചത് ഒരു വേനലാണ്. ലാളന തീരുവോളമവൻ, വേനലച്ഛനെ ഉമ്മവച്ചുറങ്ങി. ഇക്കഴിഞ്ഞ മഴയിൽ, ഒന്നരയടിപ്പൊക്കമുള്ള ഒത്തൊരാൺപുല്ലായി വളർന്നു. അവളൊരു ജിപ്സിപ്പുല്ലാണ്. എന്നുവച്ചാൽ ജിപ്സികളുടെ പാരമ്പര്യമുള്ള പുല്ലെന്നു തന്നെ! കാറ്റിനു താളമൊപ്പിച്ച് നൃത്തം ചവിട്ടാറുള്ളതും ഇലയനക്കങ്ങളിൽ സംഗീതം സന്നിവേശിപ്പിയ്ക്കാറുള്ളതും അതുകൊണ്ടാണ്. അവളുടെ അമ്മ, ലാറ്റിനമേരിയ്ക്കൻ കാടോളം വളർന്നു നടന്നു. ഒരുപാടു നാടുകളുടെ ദഹനപാതയിലൂടെ കയറിയിറങ്ങി. കുറേയേറെ അന്തിക്കാളകളുടെ അടിയിൽ ചോരയും ജീവനുമൊലിപ്പിച്ച് കിടന്നു. ആൺപുല്ലുകൾ കുടഞ്ഞിട്ട ചളി കുടിച്ചാണ് കറുത്തതും ചത്തതും, വിത്തു മുളച്ചതും. ചത്തതും ചീഞ്...