പ്രജ്ഞയുടെ കൽവിളക്ക്, തിരതട്ടിത്തകർന്നു. ഓളപ്പരപ്പിലാ നാളത്തിളക്കം ക്ഷണികബിന്ദുവായ്,ശൂന്യമായ്. കാലപ്പിലാവിലത്തണ്ടു മടക്കി, ചരിത്രം തീണ്ടാത്ത ഓർമ്മകൾ കോരിയെടുക്കാൻ വൈദ്യവും മന്ത്രവും തന്ത്രവും. **കല്യാണിയുടെ പിതൃത്വം അറിഞ്ഞ **കുഞ്ഞുണ്ണിയെപ്പോലെ *അറീലിയാനോ നിർന്നിമേഷനായിരുന്നു. ചങ്ങലയുരഞ്ഞ് തോൽ വിണ്ട മരത്തിനു മരുന്നുപദേശം. "എനിയ്ക്ക് ഓർമ്മയില്ല. ഇരുമ്പിലംഗം കുരുങ്ങി, ചോര കനത്തു കറുത്തിട്ടും, ഞാൻ അട്ടഹസിയ്ക്കുന്നു. ഓർമ്മയുടെ തീയണച്ച്, നീയും ഭ്രാന്തനാവുക. ചിന്തകൾ വരിയാത്ത, ആർത്തികളെരിയ്ക്കാത്ത, ബന്ധുവെ സ്മരിയ്ക്കാത്ത, സ്വപ്നസ്വർഗ്ഗം പുൽകുക." ജിപ്സികളുടെ മരുന്നൂറി, മണ്ണ് മണത്തുനാറി. *ഉർസുലയുടെ തൊലിചുളുങ്ങി, മുടി നരച്ചുപാറി. *അറീലിയാനോ അപ്പോഴും, ഉന്മാദത്തിന്റെ യൗവ്വനത്തിലായിരുന്നു. ------------------------------------------------------ *വൺ ഹണ്ട്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ്-ഗാബ്രിയേൽ ഗാർസിയ മാർക്വിസ്. അറീലിയാനോ: ജോസ് അർക്കേഡിയോയുടെ പ്രഥമപുത്രൻ. ഉർത്സുല :അറീലിയാനോ ബുവേൻഡിയയുടെ അമ്മ. **ഗുരുസാഗരം-ഓ വി വിജയൻ കല്യാണി : കുഞ്ഞുണ്ണി യുടെ ഭാര്യയുടെ മക...