മുഖത്ത്, പ്രായം ചുന പൊട്ടി, ത്വക്ക് പൊള്ളിയ്ക്കുന്ന വാര്‍ദ്ധക്യസഞ്ചാരപാതകള്‍. കാതില്‍, ലോകവേഗങ്ങളില്‍, കാലം പതിച്ചു പാഞ്ഞ, ദുരന്തകാവ്യങ്ങളുറങ്ങുന്ന വലിയ ഗുഹാമുഖങ്ങള്‍. ശ്വേതംബരന്മാര്‍ കയ്യൊഴിഞ്ഞ, അഴുകിയ മനുഷ്യത്വത്തിന്റെ- വഴുവഴുപ്പില്ലാത്ത, പ്രാരാബ്ധം തേച്ചുമിനുക്കിയ, അസ്ഥിപഞ്ജരം. ചേറില്‍ പുതഞ്ഞ്, വിയര്‍പ്പില്‍ കുളിച്ച്, ചലം ഛര്‍ദ്ദിയ്ക്കുന്ന നാനായിടങ്ങളില്‍, ദരിദ്രസമ്പത്തില്‍ ആര്‍ത്തിപൂണ്ടടുക്കുന്ന ഈച്ചകള്‍... പുഴുക്കള്‍... ധൃതിയുടെ മഹാമാരിയില്‍ കുടയെടുക്കാന്‍ മെനക്കെടാതെ, ധൃതി കൊണ്ട്, അഹങ്കാരജ്വരം മൂത്ത്, സ്വാര്‍ത്ഥതച്ചുമ ചുമച്ച്, ലക്ഷ്യോന്നതങ്ങളിലേയ്ക്കൊഴുകുന്ന അതിദ്രവങ്ങള്‍-കൊടുംമാലിന്യങ്ങള്‍, അപരന്റെ കാതിലോതുന്നു "വല്ലാത്ത നാറ്റമീ സ്ത്രീയ്ക്ക് വഴിമാറി നടക്കാം" കുബേരസന്യാസീ... മണിമാളികയുടെ പടുതകള്‍ വലിച്ചുകീറുക. ധൂളി പാര്‍ക്കുന്ന ചില്ലുജാലകങ്ങള്‍ തകര്‍ത്തെറിയുക. ഉയരങ്ങളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുക. നല്ലൊരു പുനര്‍ജ്ജനി നാളെയുണ്ടാകട്ടെ. പടുത : കര്‍ട്ടന്‍ സൂപ്പര്‍ ഫ്ലൂയിഡ്(അതിദ്രവം):ഗുരുത്വാകര്‍ഷത്തിനെതിരേ ചലിയ്ക്കാന്‍...