സമയമടുക്കിവച്ച കൂറ്റൻ ഘടികാരശാലയ്ക്ക് മുകളിൽ ഒരു അക്കഗോപുരമുണ്ട്. നിലയ്ക്കാതെ, ഓരോ സമയത്തുണ്ടുകളെ ഏതോ ഒരൊറ്റപ്രതിമ അവിടെ നിന്നും വലിച്ചെറിയും. സമയമാകലുകളെ കൊതിക്കുന്ന ആകാശപ്പറവകളും, അറവുമാടുകളും, തെരുവുതെണ്ടികളും ഒഴികെ എല്ലാവരും അതിന്റെ ചുവട്ടിൽ തിരക്കുകൂട്ടിനിൽപ്പുണ്ട്, സമയോസ്തികൾ പകുക്കാതെ പറിച്ചു പായുവാനാകണം. നാഴികമണിക്കട്ടിയുടൊച്ചവെളിച്ചങ്ങൾ മിന്നിയിറങ്ങുമ്പൊഴേയ്ക്കും ആരെങ്കിലും നേർകീഴിൽ ചെന്നു നിന്ന് യന്ത്രഭാഗം കണക്ക് വിറച്ച് പൊള്ളി, ഉദിച്ച നേരവുമെടുത്ത്, ജീവിതത്തിലേയ്ക്ക് മരിച്ചു വീഴുന്നത് കാണാം. ആകാശപ്പറവകൾ, ഊഴമിട്ടു പാളിയിറങ്ങി, ആകാത്ത അന്തിച്ചുവപ്പിനെയോർത്ത് പരിതപിക്കുന്നു. അറവുമാടുകൾ കഴുത്തുഴിയാനെത്തുന്ന പിച്ചാത്തിക്കവാടത്തിനപ്പുറം വിശപ്പില്ലാത്തിടത്തേക്കുള്ള സ്വർഗ്ഗാരോഹണം കൊതിച്ച് അമറിക്കൊണ്ടേയിരിക്കുന്നു. തെരുവുതെണ്ടികൾ, ഇനിയും കടന്നുപോകാത്ത ഉച്ചയെ, വിശപ്പേ വിശപ്പേ എന്നാർത്തുവിളിച്ച് ഉച്ചാടനം ചെയ്യാൻ വൃഥാ ശ്രമിക്കുന്നു. നേരമില്ലാത്തവരുടേയും നേരമുള്ളവരുടേയും തെരുവിൽ ഒരു ദൈവത്തെപ്പോലെ അക...