പുകമഞ്ഞിന്റെ പാളി, ജനൽച്ചില്ലിൽ തീർത്ത മങ്ങൽ, ഒരു കണ്ണായി വളരുന്നത് കണ്ടത് അമാൻഡാ ജോസിയാണ്. അന്നേരം, ഓർമ്മയില്ലാത്തൊരു ലോകത്ത് ആത്മസമർപ്പണം ചെയ്ത് കിടക്കയായിരുന്നു ഞാൻ. ഉറക്കം വിൽക്കാറുള്ള പുസ്തകശാലക്ക് പുറത്ത് ഇടുങ്ങിയ മുറിയ്ക്കുള്ളിൽ, നെരിപ്പോടിന്റെ വെളിച്ചത്തിന് ഇരുട്ടിനെ തളയ്ക്കാനാകാത്ത നട്ടപ്പാതിരായ്ക്ക്. ആ കണ്ണ്, പന്നിപ്പടക്കത്തിന്റെ വെളിച്ചത്തോടെയും ഒച്ചയോടെയും പൊട്ടുന്നതു കണ്ടതും എന്റെ അമാൻഡാ ജോസി തന്നെ. ആ സ്ഫോടനങ്ങളിൽ നിന്നും തീ തിന്ന്, ഒന്നിനു പുറകെ ഒന്നായി തെളിയുന്ന വഴിവിളക്കുകൾ. പന്തല്ലൂക്കാരൻ ജോണിയുടെ വീടിനു മുന്നിലെ ഇടവഴിയിലൂടെ വലത്തോട്ടു തിരിയുന്ന വെളിച്ചം, കനോലി കനാലെത്തുന്നതോടെ കുറേ മിന്നാമിനുങ്ങുകളും മിനുങ്ങും മീനുകളുമായി മാറുന്നു. കനാൽക്കരയിലെ, ജോസിയേട്ടന്റെ (അതായത് അമാൻഡയുടെ കെട്ട്യോന്റെ) വീട് ഒരു കനലായി പൊള്ളി വേവുന്നു. രണ്ട് പെൺകുഞ്ഞുങ്ങളുടെ നാഭിയിൽ ചുവന്ന തെരുവിന്റെ കണ്ണാടിമുഖം. ചുമലിൽ രതിനുകം. എന്റെ മേനിച്ചൂടിൽ നിന്നും അവൾ, അമാൻഡാ ജോസി, ഉരുകിയൊഴുകി മണ്ണോടു ചേർന്നു. വിയർപ്പു പോലെ. സായ്വ് കൊക്കയിലെ ആത്മഹത്യകൾക്കും, പശ്ചാത്താപങ്ങൾക്കും, എന്റെ ചുവന്ന രാത്രികൾക്കും ...