ചെങ്കൽച്ചായം പൂശിയ മറവിയുടെ ചുവരെഴുത്തുകളിൽ കാലഹരണപ്പെട്ട വയൽരാഷ്ട്രീയത്തെ അടക്കിപ്പിടിച്ച് ഒരു നിൽപ്പുണ്ട്. സമ്പന്നമായൊരു ഭൂതമുണ്ടായിരുന്നു. ഇരുളുകളിൽ ആവോളം നിദ്രയൂറ്റി, നൂറ്റാണ്ടുകളുടെ ദാഹമടക്കാൻ, കാവൽപണിക്കാർ; പകലുകളിൽ മുലത്തടത്തിലെ വേർപ്പുചാലുകളിൽ കണ്ണെറിയാൻ, മുഴുത്ത പെണ്ണുങ്ങൾ. ചാത്തൻ വലിച്ചു തള്ളിയ കഞ്ചാവുപുകയുടെ വിശുദ്ധവീര്യം; കുപ്പി തകർത്തൂറി, തറയിലൂടരിച്ചിറങ്ങി, അകം കത്തിച്ച ഭസ്മം ചേർത്ത പേരയ്ക്കാവാറ്റ്. ************************************ കപോലം ചുളുങ്ങി. കപാലം തകർന്നു. ഇരുട്ടും വെളിച്ചവും മഞ്ഞും മഴയും മുച്ചൂടും കരിയ്ക്കും വേനലും, ഇനിയും വിലങ്ങഴിയ്ക്കാത്ത, പല്ലു കൊഴിഞ്ഞ പരസ്യ വേശ്യ. ദൂരെ നിന്നുള്ള നാഗരികർ, കച്ചിഗന്ധമാരാഞ്ഞ്, പുറമ്പോക്കുകൂരകൾ കൊയ്തുമെതിയ്ക്കയാണ് ചുറ്റും. യന്ത്രങ്ങളിൽ നിന്നും തോലുരിഞ്ഞ്, ചതഞ്ഞുചാടുന്നത് വയൽപ്പുരത്തണലുകളിൽ നീന്തി നിവർന്നു വളർന്ന അടിയാളപ്പെണ്മലരുകൾ. പുതുകാഴ്ചയുടെ ജെല്ലിക്കെട്ടുത്സവച്ചേറും, ചെളിയും ചോരയും, ചേർന്നുപുതഞ്ഞൊരുക്കിയ അസ്ഥിമാടമായൊടുക്കം. *വയൽപ്പുരകളുടെ ചിത്രം ഏറെ അന്വേഷിച്ചു.ലഭിച്ചില്ല.അവസാനം ഏകദേശം വയൽപ്പുര പോലെ തോന്നുന്ന ഒരു ചിത...