Skip to main content

Posts

രാഗാക്ഷരങ്ങൾ

അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക്കഴിഞ്ഞിട്ടും പതിവായി നീ വന്ന നാളിൽ പിരിയാതെ ശുഭരാത്രി പറയാതെ കുന്നിന്റെ ചെരുവിൽ കിടന്നുവോ നമ്മൾ പുണരാതെ ചുംബനം പകരാതെ മഞ്ഞിന്റെ കുളിരിൽ കഴിഞ്ഞുവോ നമ്മൾ - കെ. അയ്യപ്പപ്പണിക്കർ വളരെ നാള്‍ കൂടിഞാന്‍ നേരിയ നിലാവിന്റെ പിന്നിലെയനന്തതയിലലിയുന്നിരുള്‍നീലിമയില്‍ എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി നിന്നു വിറക്കുമീ- യേകാന്തതാരകളെ നിന്നൊട്ടുകാണട്ടെ നീ തൊട്ടു നില്‍ക്കൂ! - ശ്രീ എന്‍ എന്‍ കക്കാട് ദുഃഖത്തിനല്ല ഞാനര്‍പ്പിച്ചതങ്ങേക്കു നിഷ്കളങ്കപ്രേമസാന്ദ്രമാമെന്‍ മനം താവകോത്ക്കര്‍ഷത്തിനാലംബമാവണം പാവന പ്രേമാര്‍ദ്രമെന്‍ ഹൃദയാര്‍പ്പണം - ചങ്ങമ്പുഴ ഓര്‍ക്കാപ്പുറത്ത് നനഞ്ഞ മഴയില്‍, കാറ്റില്‍, പൊഴിഞ്ഞ ആലിപ്പഴംപോല്‍, അനുരാഗം - അഷിത രാധേ! നീ, ഒരു കടല്‍പ്രേമത്തിലുലയും കടലാസുതോണി, കണ്ണീര്‍പെരുമഴയില്‍ കുതിരും പൂവിന്‍ ചിരി, നെടുകേ കീറിയ പ്രേമലേഖനത്തില്‍ നഷ്ടമായോരക്ഷരം! - അഷിത എന്റെ ഹൃദയത്തിനു വലിപ്പം പോര. ഞാൻ സ്നേഹിക്കുന്നവൾ ഈ ഭൂമിയോളം വിശാലമാണ്‌ അതു കൊണ്ട് ഈ ഭൂമിയോളം വലിപ്
Recent posts

അമ്രപാലി

ചെപ്പോക്ക്… ആകാശത്തേയ്ക്ക് വളർന്നു നിൽക്കുന്ന തൊട്ടി കണക്ക് എം എ ചിദംബരം സ്റ്റേഡിയം… താഴെ വന്ന് തിരിച്ചുപോകാൻ മടിയ്ക്കുന്ന മിന്നലുകളെ കൊളുത്തിവച്ചത് പോലെ ഫ്ലഡ് ലൈറ്റുകൾ വെള്ളിവെളിച്ചം വിതറുന്നു… മഴയിരമ്പുന്ന പാതിരാവുകളുടെ ഒക്റ്റോബർ മാസമാണ്. ഇന്നെന്തോ, കാലാവസ്ഥ ശാന്തമാണ് പൊതുവേ. സബർബൻ ട്രെയ്നിന്റെ അഞ്ചാമത്തെ കൂപ്പയിൽ വിൻഡോ സീറ്റു തന്നെയാണ് ലഭിച്ചത്. മദ്ധ്യകൈലാഷിൽ നിന്ന് കയറുന്നേരം നല്ല തിരക്കുണ്ടാകാറാണ് പതിവ്… ഇന്ന് ഗാന്ധി ജയന്തി ആയതുകൊണ്ട് മിക്കവാറും ആപ്പീസുകളെല്ലാം അവധിയായതിനാൽ വലിയ തള്ളില്ല. പകലു ചെറുതായി മഴ ചിണുങ്ങിയിരുന്നു, പ്രതീക്ഷിച്ചത്ര കച്ചവടമൊന്നും നടന്നതുമില്ല... ഇൻഡസ്ട്രിയൽ സേഫ്റ്റി സെന്ററിനു മുൻപിൽ സാമാന്യം ഭേദപ്പെട്ട വിസ്താരമുള്ള ഫൂട്ട്പാത്തിൽ ഫ്ലക്സു വച്ച് മറിച്ച തുറന്ന പീടികയല്ലേ… കൂട്ടിയിട്ടിരിക്കുന്ന പഴങ്ങളിൽ ഒന്ന് കറുത്താൽ മതി ഈ മഴ കൊണ്ടിട്ട്, മൊത്തത്തിലങ്ങ് ചീഞ്ഞ് പോകും. ഈ വറുതിക്കാലത്ത് അതുകൂടെ മതി, കത്തലടക്കാൻ പിന്നെ കക്കേണ്ടി വരും. ഒറ്റക്കാലൻ അണ്ണാച്ചിയ്ക്ക് ഇതൊക്കെ മഴവീഴുമ്പൊഴേക്കും എടുപിടിയെന്ന് മൂടി വക്കാൻ കഴിയുമോ? മുഷിഞ്ഞ വേഷക്കാരനെ അതിലൂടെ പോകുന്ന സോഫ്റ്

ഹർഷാരവം

പതിവില്ലാത്തതാണ്… ഉറക്കത്തിനിടയിൽ ആരോ വിളിച്ചത് പോലെ തോന്നി… എഴുന്നേറ്റ് നോക്കുമ്പോൾ തുറന്നിട്ട ജനലിലൂടെ വെന്തുമടുത്ത് തണുത്ത് തുടങ്ങിയ മെയ്മാസക്കാറ്റ് അല്പാല്പമായി അരിച്ച് കയറുന്നുണ്ട്. നടുവൊടിഞ്ഞ് മുഖം കുനിച്ച് നിൽക്കുന്ന പെഡസ്റ്റൽ ഫാനിന്റെ വെളുപ്പ് ഇരുട്ടിലും അല്പം മങ്ങി കണ്ടു. പതിയെ എല്ലാം വ്യക്തമായി തെളിയുന്നു… ജനലിലൂടെ അസന്റാസ് ഐ ടി പാർക്കിലെയും ടൈഡൽ പാർക്കിലേയും അലങ്കാരദീപങ്ങളും അപായച്ചുവപ്പ് വെട്ടവും ഇപ്പോൾ കൃത്യമായി കാണാം. തലയിണയ്ക്ക് കീഴെ പരതിയപ്പോൾ ഫോൺ കൈയ്യിൽ തടഞ്ഞു. വശത്തെ അയഞ്ഞ് തുടങ്ങിയ ലോക്ക് ബട്ടണിൽ നാലഞ്ച് തവണ കിണഞ്ഞ് അമർത്തേണ്ടി വന്നു, ഫോൺ അൺലോക്കാക്കാൻ… പ്രായമേറുകയാണ്, ഫോണിനും, ഇവിടെ റിസേർച്ചിനെന്ന് പറഞ്ഞ് ചെലവഴിച്ച് എങ്ങുമെത്താതെ നട്ടം തിരിയുന്ന ഞങ്ങൾ കുറേ പേർക്കും. വാൾപേപ്പറിലെ ചെ ഗുവേരയുടെ എരിഞ്ഞ് നിൽക്കുന്ന ചുരുട്ടിന്റെ കറുപ്പ് രാശിക്ക് മുകളിൽ, വിളറി വെളുത്ത ക്ലോക്ക് തെളിഞ്ഞു. 11: 58 PM. അലാം അടിക്കേണ്ടതാണ്, 4.15 ന്. നാളെ രാവിലെ… അല്ല, ഇനിയെന്താ നാളെ, ഇന്നു രാവിലെ ഡി സി മീറ്റിംഗുണ്ട്. ദുബെ സർ എന്തായാലും ബോർഡിൽ ഉണ്ടാകുമെന്ന് കേട്ടു. പഞ്ഞിക്കെട്ടു തലമുടിക്കാരൻ

ചെമന്നീല

ചുവന്ന കളങ്ങളുള്ള കുപ്പായത്തിൽ നീല വരകൾ കൂടി വേണം. ചുവന്ന കളങ്ങളെല്ലാം തന്നെ പരസ്പരം തൊടാത്ത വിധത്തിൽ അകന്നിരിക്കുന്നു എന്ന് നീലവരകൾ ഉറപ്പുവരുത്തുന്ന വിധത്തിലാകണം അതിന്റെ രൂപകല്പന. അകാലത്തിലെങ്ങാൻ നരച്ചുപോകുന്ന ഒരു ചുവപ്പുകളമുണ്ടെങ്കിൽ, "നരച്ചുപോയല്ലോ അത്, അഹോ കഷ്ടം" എന്ന് നിലവിളിച്ച്, അതുകൂടി ചായം തേച്ച് നീലയാക്കുക. കാരണം ചുവപ്പ് ഒരിക്കലും അംഗീകരിച്ചുകൂടാത്ത അനുവദിച്ചുകൂടാത്ത നിറപ്രസരമാണ്. അപായമാണ്. വരിനെല്ലുകണക്ക് എങ്ങാനുമൊരു ചുവപ്പു കിളിർത്ത് പോയാൽ, കരിനീലവിഷച്ചാറൊഴിച്ചു പോലും അത് കരിച്ചു കളയുന്നതിൽ തെറ്റില്ല. പക്ഷേ, തുടക്കത്തിൽ തന്നെ ചുവപ്പ് കീറിക്കളഞ്ഞുകൂടെ എന്നൊന്നും ചോദിക്കല്ലേ, കരിനീല കുപ്പായമിട്ടാൽ പോരേ എന്നൊട്ടും ചോദിക്കല്ലേ, വെളിപ്പെടുന്ന നഗ്നതയ്ക്ക് ആരുത്തരം പറയും? നാടു നിറഞ്ഞ ചുവപ്പുനൂലുകളെല്ലാം കടലിൽ തള്ളുമോ?

മാലാഖദാവീദ്

കോമേനപ്പറമ്പിൽ നിന്നും ചെട്ടുവാർകോട്ടത്തേക്കുള്ള മൂന്നാമത്തെ ബസ്സ്, മൂന്നാമത്തെ വളവിൽ വച്ച് മൂന്ന് പേരെയും കൊണ്ട് ഒരു കൊക്കയിലേക്ക് ചാടുന്നു. കണ്ടക്ടർ, കാക്കിക്കുപ്പായക്കാരനല്ലാത്തതിനാൽ, നിയമലംഘനങ്ങളുടെ ഊരാക്കുടുക്ക് അയാളുടെ കഴുത്തിൽ കുരുങ്ങി. പാറേലിടിച്ച് തലച്ചോറ് ചെത്തിപ്പൂ കണക്ക് ചിതറും മുന്നേ അയാൾ ശ്വാസം മുട്ടി മരിച്ചു. ഡ്രൈവർ, പത്തിലധികം സ്ത്രീകളെ പ്രാപിച്ച ഒരു അഗമ്യഗമകൻ ആണ്. നിലത്ത് കൽപ്പരവതാനിയിൽ, രക്തമുന്തിരികളുടക്കും മുന്നേ സദാചാര-സംസ്കാരസർപ്പങ്ങളയാളെ കൊത്തിക്കൊന്നു. ദാവീദേട്ടൻ, കപ്യാരായിരുന്നു, കുന്നുമ്മേപ്പള്ളീലെ. ശുദ്ധൻ, ദയാലു, ഭക്തൻ എന്തിനേറെ, ഒരു മദ്യപാനിപോലുമല്ലാത്ത നസ്രാണി. ബസ്സു വീഴുന്നേരം അയാളൊരു മാലാഖയായി പറന്നുപോയിക്കാണണം. ശവശരീരം പോലും കിട്ടിയില്ല!

ഹെൽപ്പറായി ജീവിച്ച് ഹെൽപ്പറായി മരിക്കുന്നവരെപ്പറ്റി

ചന്ദ്രേട്ടനെപ്പോലെ, ഒരു തൊഴിലും പഠിക്കാനാകാതെ, പണി നിർത്തുന്ന കാലം വരെ മേസ്തിരിയുടെ ആട്ടും തുപ്പും കൊണ്ട് പണിയെടുക്കുന്നവരുണ്ട്. ദൂരെ ദൂരെ കൂടിയിരിക്കുന്ന ഇഷ്ടികക്കുഞ്ഞുങ്ങളെ ഇത്തിരി പോലും തട്ടുകേട് കൂടാതെ പതുങ്ങിപ്പതുങ്ങി താങ്ങി വരണം. കട്ടയടുക്കിവച്ചു കഴിഞ്ഞാൽ മേസ്തിരി കനപ്പിച്ചൊന്നു നോക്കും. "സിമന്റ് കൂട്ട്രാ മൈരേ" ന്ന് അലറും. ഇത്തിരിക്കോളം വെള്ളമൊന്ന് കൂട്യാ, "പോയി നിന്റമ്മക്ക് പിണ്ഢം വെക്ക്രാ ഇതോണ്ട്"ന്ന്  ആക്രോശിക്കും. പണി തൊടങ്ങണേനു മുന്നേ സൈറ്റിലൊരു പൊടികാണാത്തവിധം ചത്തു ക്ലീൻ ചെയ്യണം. പണി കഴിഞ്ഞാ മേസ്തിരീന്റെ തോർത്തുമുണ്ടടക്കം കഴുകിക്കൊടുക്കണം. കോലരീമ്മെ ദേ ഈ നഖത്തുമ്പിന്റത്രിം സിമന്റ് കണ്ടാ മതി, അന്നത്തെ കൂലി കൊറയും. നടുവളഞ്ഞുറച്ച് പോകുന്നത്ര കല്ലുകോരണം. പൊടിപടലങ്ങൾ കണ്ണിൽ  ഭൂപടങ്ങൾ നിറച്ച് വരച്ച് സമുദ്രജലപ്രവാഹങ്ങളുണ്ടാക്കുന്നത്ര മണ്ണരിക്കണം. വെള്ളം കോരി കെട്ടിത്തീർത്ത കല്ലുമല മുഴുക്കെ നനയ്ക്കണം. കൂലി തരുമ്പോ, "മുന്നൂറ്റമ്പതുർപ്യല്ലേ കൊറവൊള്ളൂട  കഴുവേർടെ മോനേ, നെനക്കെന്ത

ജനനമൊഴി

സർ, ഞാനാണ് ജനനം. പെണ്ണിന്റെ വാരിയെല്ലു നുറുക്കി, ഒരു പെരുക്കത്തിന്റൊച്ച കീറിയാർത്ത്, ള്ളേ ള്ളേ ന്നും മക്കാറായി അവതരിക്കുന്ന  അതേ ജനനം. പിറവിയുടെ നാരറുക്കവേ, മൂന്നോ നാലോ നിമിഷങ്ങൾക്കപ്പുറം ഞാൻ മരണപ്പെടുകയും ചെയ്യുന്നു! സർ, പിന്നീട്, മുട്ടയിലും മൈദയിലും കുഴഞ്ഞ് ഉജാലയിൽ കുളിച്ച് രംഗോലിപ്പൊടി നുണഞ്ഞ് ചളിവെള്ളത്തിൽ ശവാസനപ്പെട്ട് ഇടുപ്പൂരന്ന കിടിലൻ പെട വാങ്ങിപ്പിച്ച് കൊല്ലം കൊല്ലം  ഞാൻ ഓർമ്മിപ്പിക്കാനെത്തും. തല്ലിപ്പഴുപ്പിച്ച ആശംസകൾ വായിപ്പിച്ച് പിന്നേം മക്കാറാക്കും. "ഹാപ്പി ബർത്ത്ഡേ ഡിയർ.... muahhh... :-* " എന്ന മെസേജിൽ, അന്നവൾ നിരസിച്ച പ്രണയമല്ലേ കൊരുത്തത്  എന്ന് നിന്നെ കൊതിപ്പിക്കും (വെർത്യാഷ്ടാ!) സർ, ഒടുക്കം  മരണത്തിനുശേഷം സ്ഥിരമായി ഞാനങ്ങ് ജനിക്കും. ഹാളിനു നടുക്കു തന്നെ, ഓറഞ്ച് ലൈറ്റിനു മീതെ, കവിളൊട്ടി തല നരച്ച ഫോട്ടോക്ക് (ഫേസ്ബുക്കിൽ ഇട്ട യൗവ്വനോജ്ജ്വല ഫോട്ടോകൾ,  ഈർച്ചവാൾബൈനറികൾക്കിടെ ആരെങ്കിലും അരിഞ്ഞു തള്ളുമായിരിക്കും)  കീഴിൽ ഞാനൊരിരിപ്പുണ്ട്. മൂന്നാം തലമുറ വീടു പൊളിക്കുന്നത് വരെ പത്തമ്പതു കൊല്ലം